ലാസ്‌വെഗാസ്: അഞ്ചു വ്യത്യസ്ത വിഭാഗങ്ങളില്‍ ചാമ്പ്യനായ മെയ്‌വെതര്‍ കോണറിനെ കീഴടക്കിയതോടെ 50 പ്രഫഷണല്‍ മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞില്ലെന്ന അപൂര്‍വചരിത്രവും കുറിച്ചു. 1996 ഒക്ടോബര്‍ 11ന് മെക്‌സിക്കോയുടെ റോബര്‍ട്ടോ അപോഡകയെ തന്റെ പത്തൊമ്പതാം വയസില്‍ കീഴടക്കിയാണ് മെയ്‌വെതര്‍ പ്രഫഷണല്‍ ബോക്‌സിംഗ് റിംഗിലേക്ക് കടന്നുവന്നത്.
ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയതിനു പിന്നാലെ ബോക്‌സിംഗ് റിംഗിലെ ചരിത്രപുരുഷനായി വാഴ്‌ത്തപ്പെടുന്ന മെയ്വെതര്‍ വിരമിക്കലും പ്രഖ്യാപിച്ചു. മൂന്നാം തവണയാണ് മെയ്‌വെതര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. നേരത്തെ, ഹെയ്തി-അമേരിക്കന്‍ ബോക്‌സറായ ആന്ദ്രേ ബെര്‍ട്ടോയ്‌ക്കെതിരായ മത്സരത്തിനുശേഷവും മെയ്‌വെതര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
നൂറ്റാണ്ടിന്റെ പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പക്വിയാവോയെ ഇടിച്ചു നിലംപരിശാക്കി മെയ്‌വെതര്‍ ലോക വെല്‍റ്റര്‍ വെയ്റ്റ് കിരീടം ചൂടിയിരുന്നു. 2015 മേയ് രണ്ടിനായിരുന്നു ലോകത്തെ ആവേശത്തിലാക്കിയ മെയ്‌വെതര്‍- പക്വിയാവോ പോരാട്ടം.
















