തലശ്ശേരി: വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കുപ്പുകുത്തുന്ന മന്ത്രി കെ.കെ.ശൈലജയെ തല്‍സ്ഥാനത്ത് നിന്നും മാറ്റി ആരോഗ്യമന്ത്രിസ്ഥാനത്ത് മുന്‍ മന്ത്രി കൂടിയായ സിപിഎം നേതാവ് ഇ.പി.ജയരാജനെ നിയമിക്കണമെന്ന ആവശ്യം കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയില്‍ രഹസ്യമായും പരസ്യമായും ഉയര്‍ന്നു തുടങ്ങി. രണ്ട് തവണ ഹൈക്കോടതിയുടെ നിശിതവിമര്‍ശനത്തിനിരയായതിനാല്‍ മുന്നണിയുടെ അന്തസും പ്രതിഛായയും ഉയര്‍ത്തിപ്പിടിക്കാന്‍ ആരോഗ്യ മന്ത്രിയെ മാറ്റുന്നതാണ് ഉചിതമെന്ന വിലയിരുത്തല്‍ ഒരു വിഭാഗം സിപിഎം നേതാക്കളിലുണ്ട്. ബന്ധുനിയമന വിഷയത്തില്‍ കുടുങ്ങിയ ഇ.പി.ജയരാജനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടവരില്‍ മുന്നിലായിരുന്നു ആരോഗ്യ മന്ത്രിയത്രെ. ഇതിനൊരു അവസരം പ്രതീക്ഷിച്ചു കാത്ത് കഴിഞ്ഞിരുന്നവരാണ് കിട്ടിയ അവസരം പാഴാക്കാതെ അണിയറയില്‍ ചരട് വലിക്കുന്നത്. മന്ത്രിസഭ അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടില്ലെന്ന് ഇക്കൂട്ടര്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. പനിമരണങ്ങള്‍ കൂടിയതിലൂടെ സ്വന്തക്കാരില്‍ നിന്നു തന്നെ സര്‍ക്കാരിന് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ പ്രവേശന നടപടികള്‍ താറുമാറായത്. വകുപ്പു സിക്രട്ടറിയുടെ നിയന്ത്രണത്തിലാണ് മന്ത്രിയെന്നും ഭരണത്തില്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയിന്നുന്നില്ലെന്നും ഘടകകക്ഷികളും അഭിപ്രായപ്പെട്ടു തുടങ്ങി. ആരോഗ്യ മന്ത്രിയുടെ ഓഫീസും വകുപ്പ് സിക്രട്ടറിയുടെ ഓഫീസും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നത് ദൈനംദിന കാര്യങ്ങളെ വഷളാക്കിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന നടപടികളില്‍ വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ഭരണം മെച്ചപ്പെടുത്തണമെന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് ശൈലജ ടീച്ചര്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യം പാര്‍ട്ടിയിലും ചര്‍ച്ചയായി.മന്ത്രി രാജിവെക്കണമെന്ന് നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ പോരാ എന്നുള്ള അഭിപ്രായങ്ങള്‍ ശക്തമാണ്. എന്നാല്‍ ശൈലജ ടീച്ചരുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേ വരെ മനസ് തുറന്നിട്ടില്ല.പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകളാവും അന്തിമം. നാളെ ഇരുവരും പങ്കെടുക്കുന്ന പരിപാടി തലശ്ശേരിയില്‍ നടക്കുന്നുണ്ട്.കൂടാതെ പിണറായിക്ക് മറ്റു വിവിധ പരിപാടികളും അടുത്ത ദിവസങ്ങളില്‍ ജില്ലയുടെ പല ഭാഗങ്ങളിലും നിശ്ചയിച്ചിട്ടുണ്ട്. ഈ സമയത്ത് ഇ.പി ജയരാജന്‍ ഗ്രൂപ്പ് ശക്തമായ നിലപാട് മുഖ്യമന്ത്രിക്ക് മുന്നില്‍ തുറന്ന് പറയുമെന്നാണ് കരുതുന്നത്.
















