ആലപ്പുഴ: സിപിഎം അനുകൂല സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്‌സുമാര്‍ക്ക് പീഡനമായി. സമ്മേളനത്തിന്റെ പേരില്‍ നടക്കുന്ന പിരിവാണ് ദുരിതമായത്. ഓരോ നഴ്‌സും കുറഞ്ഞത് നാലായിരം രൂപ വരെ പിരിവ് നല്‍കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. മറ്റു സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരെയും വെറുതെ വിടുന്നില്ല.
ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ പരസ്യമായി വെളിപ്പെടുത്താന്‍ നഴ്‌സുമാര്‍ തയാറാകുന്നില്ല. പകപോക്കുമെന്ന ഭയമാണ് കാരണം. അതിനിടെ മഹാത്മാ അയ്യങ്കാളി ജയന്തി ദിനത്തില്‍ സമ്മേളനം നടത്തുന്നതും വിവാദമായിട്ടുണ്ട്.
പട്ടികജാതി സംഘടനകളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനൊടുവിലാണ് അയ്യങ്കാളി ജയന്തി ദിനം സര്‍ക്കാര്‍ പൊതുഅവധിയായി പ്രഖ്യാപിച്ചത്. ഇതേ ദിനത്തില്‍ സിപിഎം അനുകൂല സംഘടന സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത് പാര്‍ട്ടിയുടെ പിന്നാക്ക ജനവിഭാഗങ്ങളോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണെന്നും ആക്ഷേപം.
സംഘടനയുടെ സംസ്ഥാന സമ്മേളനം 27 മുതല്‍ 29 വരെ ആലപ്പുഴയിലാണ്. 27ന് രാവിലെ സംസ്ഥാന കൗണ്‍സില്‍ യോഗം വൈഎംസിഎ ഹാളില്‍ മന്ത്രി തോമസ് ഐസക്കും 28ന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ സംസ്ഥാന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. 29ന് വൈകിട്ട് അഞ്ചിന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
















