തിരുവനന്തപുരം: കേരള ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ സംഘടന കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ യൂണിറ്റ് സമ്മേളനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ മറവില്‍ സംഘടനാ നേതാക്കള്‍ വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നെന്ന് ആക്ഷേപം. സംസ്ഥാന സമ്മേളനത്തിന് ഒരുമാസം മുമ്പാണ് യൂണിറ്റ്-മേഖലാ സമ്മേളനങ്ങള്‍. എന്നാല്‍, അസോസിയേഷന്റെ നിയമാവലിക്കും കീഴ്‌വഴക്കത്തിനും വിരുദ്ധമായാണ് ഇപ്പോള്‍ യൂണിറ്റ് സമ്മേളനങ്ങളെന്നാണ് ആക്ഷേപം.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ആറു മാസത്തിനിടെ രണ്ട് സംസ്ഥാന സമ്മേളനങ്ങള്‍ കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ നടത്തിയത് വന്‍വിവാദമായിരുന്നു. 2016 സപ്തംബര്‍ ആറിന് കൊച്ചിയില്‍ സംസ്ഥാന സമ്മേളനം നടത്തിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍, അന്ന് ഇടതു പാനല്‍ വിജയിച്ചു. തുടര്‍ന്ന് ആറു മാസം മാത്രമുള്ളപ്പോള്‍ 2017 ഫെബ്രുവരി 14ന് വീണ്ടും സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടത്താന്‍ ശ്രമിച്ചു. വിവാദമായതോടെ മാറ്റി.
പിന്നീട് തിരുവനന്തപുരത്ത് ഭാഗ്യമാലാ ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 29ന് സമ്മേളനം നടത്തി. ഇതിനു വേണ്ടി നടത്തിയ പിരിവ് ജീവനക്കാരുടെ ഇടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. പലര്‍ക്കും അനുകൂലമായി സ്ഥലംമാറ്റവും മറ്റും തരപ്പെടുത്തിയാണ് ഭരണസമിതി അന്ന് പിടിച്ചുനിന്നത്. എതിര്‍ത്തവരെ ഭീഷണിപ്പെടുത്തി.
രണ്ടാമത് സംസ്ഥാന സമ്മേളനം നടന്ന് അഞ്ചു മാസം കഴിയുമ്പോഴാണ് യൂണിറ്റ് സമ്മേളനങ്ങള്‍ ആരംഭിച്ചത്. ഇതിന് ജീവനക്കാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും വലിയ പണപ്പിരിവാണ് നടത്തുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. ഭരണസമിതി അംഗങ്ങളായ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് യൂണിറ്റ് സമ്മേളനങ്ങളുടെ പേരു പറഞ്ഞ് ഓണക്കാലത്ത് ജോലിക്ക് ഹാജരാകാതെ മുങ്ങി നടക്കാന്‍ അസോസിയേഷന്‍ സഹായിക്കുന്നെന്നും ആരോപണമുണ്ട്.
















