ഇരിട്ടി: സിപിഎമ്മിനുള്ളിലെയും സിഐടിയു വിനുള്ളിലെയും വിഭാഗീയതയാണ് ഇന്നലെ നടന്ന സ്വാകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിന് പിന്നിലെന്ന് ആരോപണം. സിഐടിയുവിന്നുള്ളിലെ ചെറിയൊരു വിഭാഗം മാത്രമാണ് ഇന്നലെ നടത്തിയ പണിമുടക്കിന് നേതൃത്വം നല്‍കിയത് എന്നാണു അറിയുന്നത്. അതുകൊണ്ടു തന്നെ സമരം തുടങ്ങിയത് മുതല്‍ ചര്‍ച്ചയിലൂടെ അവസാനിക്കുന്നത് വരെ സമരത്തിന്റെ ഉത്തരവാദികള്‍ ആരെന്ന കാര്യം ആര്‍ക്കും അറിയാതെ പോയതും അതുകൊണ്ടുതന്നെ. സമരത്തിന്റെ കാരണവും ഇത് പ്രഖ്യാപിച്ചവര്‍ ആരെന്നും തൊഴിലാളി സംഘടനകള്‍ക്കോ ഉടമസ്ഥസംഘം നേതാക്കള്‍ക്കോ അറിയാതെ പോയതും അതുകൊണ്ടു തന്നെ. നേരം പുലര്‍ന്ന ശേഷം നഗരത്തില്‍ എത്തിയപ്പോഴാണ് ഇങ്ങിനെ ഒരു സമരം പ്രഖ്യാപിച്ച കാര്യം തന്നെ ജനങ്ങള്‍ അറിയുന്നത്. സര്‍വീസ് നടത്താനായി എത്തിയ ബസ്സിലെ തൊഴിലാളികളെ ഒരു സംഘം വിളിച്ചു ഭീഷണിപ്പെടുത്തിയതോടെയാണ് എല്ലാവരും ഓട്ടം നിര്‍ത്തുന്നത്. മിന്നല്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ച കാര്യം പോലീസിനും അറിയാതെ പോയി.
തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നു സമരം പിന്‍വലിച്ചതിന് ശേഷവും ഇരിട്ടി പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് സിഐടിയു സംഘടനയില്‍ പെട്ട ചിലര്‍ ചേരിതിരിഞ്ഞു രൂക്ഷമായ വാക് പോരും സംഘര്‍ഷവും നടന്നു. സംഘര്‍ഷം കയ്യാങ്കളിയില്‍ കലാശിക്കുമെന്നു കണ്ടതോടെ സിപിഎം നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിക്കുകയായിരുന്നു. ഇതിനിടയില്‍ മിന്നല്‍ സമരത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനവും ഡി വൈഎഫ്‌ഐ യുടെ കൊടികെട്ടി ജനകീയ ബസ് സര്‍വീസ് നടത്താന്‍ ഒരുങ്ങിയതും ജനങ്ങളില്‍ കൗതുകവും പരിഹാസവും ജനിപ്പിച്ചു.
















