കോട്ടയം: ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയിട്ടും നാഗമ്പടം സ്റ്റാന്റില്‍ യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ല. ഇന്നലെ ബസ്സുകള്‍ക്ക് ഇടയില്‍പ്പെട്ട് വീട്ടമ്മ മരിച്ചത് ഇതിന് ഉദാഹരമമാണ്. മത്സരിച്ചോടിയെത്തുന്ന സ്വകാര്യ ബസ്സുകളുടെ ഇടയില്‍നിന്ന് യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
ബസ്സുകള്‍ അലക്ഷ്യമായി പിറകോട്ട് എടുക്കുന്നതും മരണപാച്ചിലുമാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണം. പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചെങ്കിലും ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.
ഒന്നും രണ്ടും മിനിറ്റുകളുടെ വ്യത്യാസത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളുടെ ഇടയില്‍നിന്ന് യാത്രക്കാര്‍ ഓടി മാറുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പും യാത്രക്കാര്‍ ബസ്സിനടിയില്‍പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ കാലില്‍ കൂടിയും സ്റ്റാന്റില്‍ വച്ച് ബസ് കയറിയിറങ്ങിയിരുന്നു. ഇതിന് ശേഷമാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്.
















