വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ലേഖനം എഴുതിയ ഇന്ത്യൻ വംശജനെ ട്രംപ് ആരാധിക വംശീയമായി അധിക്ഷേപിച്ചു. ചിക്കാഗോയിലെ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയ രവീണ്‍ ഗാന്ധിക്ക് നേരെയാണ് ട്രംപ് അനുകൂലി വംശീയാധിക്ഷേപം നടത്തിയത്. ‘ഇന്ത്യയിലെ പന്നികള്‍ ജീവിക്കുന്നിടത്ത് പോയി ജീവിക്കുവെന്നാണ്’ രവീണിനോട് ട്രംപ് ആരാധിക കയർത്ത് പറഞ്ഞത്.
ലേഖനം പ്രസിദ്ധീകരിച്ച് ഒരു ദിവസം കഴിയവെ തനിക്ക് വായനക്കാരന്റെ ഫോണ്‍ സന്ദേശം ലഭിച്ചുവെന്ന് രവീണ്‍ പറയുന്നു. ‘ ഒരു സ്ത്രീയായിരുന്നു മറുവശത്ത് ഉണ്ടായിരുന്നത്. വെറും 15 സെക്കന്റ് കൊണ്ടാണ് അവരുടെ സ്വരം സൗമ്യതയില്‍ നിന്നും രോഷപ്രകടനത്തിലേക്ക് മാറിയത്. ‘നിങ്ങളുടെ വാദങ്ങളുമായി ഇന്ത്യയിലേക്ക് പോവുക. ട്രംപിനെ കുറിച്ചും ഈ രാജ്യത്തെ കുറിച്ചും ഞങ്ങളോട് പറയേണ്ട കാര്യമില്ല. ട്രംപ് വിമര്‍ശന ലേഖനവുമായി ഇന്ത്യയില്‍ എവിടെയാണോ പന്നികള്‍ ജീവിക്കുന്നത് അവിടേക്ക് പോവുക’ എന്നു തുടങ്ങി നിരവധി അധിക്ഷേപങ്ങള്‍ ആ സ്ത്രീ തനിക്കെതിരെ ഉന്നയിച്ചതായി രവീണ്‍ പറയുന്നു.
ലേഖനത്തിനെതിരെ വലിയ വിമര്‍ശനമാണ് പിന്നീടുയര്‍ന്നു വന്നത്. ട്രംപിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ആദ്യം തനിക്ക് വലിയ ഞെട്ടലുണ്ടാക്കി. എന്നാല്‍ പത്തിലധികം തവണ ഒരേ കാര്യം കേട്ടതോടെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ തനിക്ക് വലിയ തമാശയായി തോന്നിയതായും രവീണ്‍ കൂട്ടിച്ചേർത്തു.
വിര്‍ജീനിയയിലെ സംഘര്‍ഷങ്ങളോട് ട്രംപ് പ്രതികരിച്ചതിനെ വിമര്‍ശിച്ചാണ് രവീണ്‍ സിഎന്‍ബിസിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ലേഖനം എഴുതിയത്. സംഘര്‍ഷങ്ങളെ അപലപിച്ച് ട്രംപ് പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
















