കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത് മികച്ച പഠനാന്തരീക്ഷമാണെന്നും എല്ലാ അന്തേവാസികളും ഈ അന്തരീക്ഷം പഠനത്തിനായി പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. മൂല്യമേറിയ പല പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുളളത് ജയിലില്‍ വെച്ചാണ്. പലരും സാഹചര്യങ്ങള്‍ കൊണ്ട് കുറ്റവാളികളാവേണ്ടിവരുന്നു എന്നിരിക്കെ ഇടക്കാലത്തെ ഈ ജീവിതാവസരം പരമാവധി പഠനത്തിനായി പ്രയോജനപ്പെടുത്തി ഒരു പുതിയ മനുഷ്യനായി ജയിലിനു പുറത്തേക്കിറങ്ങാന്‍ സാധിക്കണമെന്നും അവര്‍ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍ക്കുളള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നിര്‍മ്മലാനന്ദന്‍ നായര്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍, അസി.കോ ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ സന്തോഷ്, വി.ആര്‍.വി.ഏഴോം, ആര്‍.രമേശ്‌നാഥ് എന്നിവര്‍ സംബന്ധിച്ചു.
















