തലശ്ശേരി: ബ്ലുവെയില്‍ ഗെയിമില്‍ കുടുങ്ങി തലശ്ശേരിയില്‍ ഇരുപത്തിയൊന്നുകാരനായ സാവന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണസംഘം രക്ഷിതാക്കളുടെ മൊഴിയെടുത്തു. തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൊഴിയെടുത്തത്. സാവന്തിന്റെ സുഹൃത്തുക്കളെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. ചില സുഹൃത്തുക്കളുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സാവന്തിന്റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയവ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. കൊളശ്ശേരി കാവുംഭാഗം നാമത്ത് വീട്ടില്‍ ഹരീന്ദ്രന്‍-ശാഖി ദമ്പതികളുടെ ഏകമകന്‍ സാവന്താണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മകന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹരീന്ദ്രന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ബ്ലുവെയില്‍ ഗെയിം കാരണമാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
















