കണ്ണൂര്‍: കേരത്തിന്റെ നാടായ കേരളത്തില്‍ നാളികേരകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് വരുന്ന ചിങ്ങം ഒന്ന് മുതല്‍ തെങ്ങ് വര്‍ഷമായി ആചരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. സംസ്ഥാന കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ കലക്ടറേറ്റ് പി.ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതല്‍ പ്രദേശത്ത് നാളികേര കൃഷിയുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനമേ നമുക്കുള്ളൂ. മറ്റു സംസ്ഥാനങ്ങള്‍ പ്ലാന്റേഷന്‍ രീതിയിലും കൂട്ടുകൃഷി രീതിയിലും തെങ്ങ് കൃഷി നടത്തുമ്പോള്‍ നാം പുരയിട കൃഷിയായോ ഇടത്തരം കൃഷിയായോ മാത്രം ഇതിനെ കാണുന്നതാണ് കാരണം. കൂട്ടുകൃഷി സമ്പ്രദായത്തില്‍ കേരകൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ നല്ല ഉല്‍പ്പാദനം കൈവരിക്കാന്‍ സാധിച്ചതായാണ് അനുഭവം. പാടശേഖര സമിതികളുടെ മാതൃകയില്‍ ഈ രീതി കേരളത്തില്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















