കോഴിക്കോട്: പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം ഇനി നിയമസഭക്ക് അകത്താകുമെന്ന് ജനാധിപത്യ രാഷ്‌ട്രീയസഭ സംസ്ഥാന അധ്യക്ഷ സി.കെ. ജാനു. ഈ മാസം 24 ന് തിരുവനന്തപുരത്ത് ഭൂസമര പ്രഖ്യാപനകണ്‍വെന്‍ഷന്‍ നടത്തും.
ഭൂമിക്കു വേണ്ടിയുള്ള നില്പ് സമരം നടത്തിയത് സെക്രട്ടേറിയേറ്റിന് പുറത്ത് റോഡരികിലായിരുന്നു. എന്നാല്‍ ഇനിയുള്ള സമരങ്ങള്‍ നിയമസഭയ്‌ക്ക് അകത്താകും. വാതില്‍ പൊളിച്ച് അകത്തുകടക്കുകയല്ല, ജനാധിപത്യരീതിയില്‍ നിയമസഭയക്ക് അകത്തു പ്രവേശിക്കാനുള്ള മുന്നേറ്റമാണ് വരാനിരിക്കുന്നത്, ജനാധിപത്യ രാഷ്‌ട്രീയസഭ(ജെആര്‍എസ്) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കെ ജാനു പറഞ്ഞു.
ജെആര്‍എസ് സംഘപരിവാറാകുകയാണെന്ന് പറയുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കണം. ഇടതു-വലതു മുന്നണികളില്‍ നിന്ന് നേരിട്ട അവഗണനയാണ് ജെആര്‍എസ്സിനെ എന്‍ഡിഎയില്‍ എത്തിച്ചത്. പോസ്റ്റര്‍ ഒട്ടിക്കാനും പ്രകടനത്തിന് ആളെക്കൂട്ടാനുമാണ് ഇടതു-വലതു മുന്നണികള്‍ പട്ടിക ജാതി, പട്ടികവര്‍ഗ്ഗക്കാരെ ഉപയോഗിച്ചത്. തങ്ങളുടെ പൂര്‍വ്വികര്‍ അര്‍ത്ഥമില്ലാത്തവരായാണ് മരിച്ചത്.
വളര്‍ന്നുവരുന്ന തലമുറകള്‍ അര്‍ത്ഥമുള്ളവരായി മരിക്കണം. കഴിഞ്ഞ കാലങ്ങളില്‍ അവകാശങ്ങള്‍ നിഷേധിച്ചവര്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണം. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ കൂട്ടായി ചെറുത്തു തോല്‍പ്പിക്കും, ജാനു പറഞ്ഞു.
ജെആര്‍എസ് സംസ്ഥാന ഭാരവാഹികളായ ഇ.പി. കുമാരദാസ്, തെക്കന്‍ സുനില്‍ കുമാര്‍, അഡ്വ.കെ.കെ. നാരായണന്‍, വിവിധ സാമുദായ സംഘടനാ നേതാക്കള്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
















