കണ്ണൂര്‍: സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘടനാ റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം.
കാമ്പസ്സുകള്‍ക്കുള്ളിലെമ്പാടും എസ്എഫ്‌ഐ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നേരെ അസഹിഷ്ണുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോ അക്കാദമി, ജിഷ്ണു പ്രണോയിയുടെ മരണം, സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലും സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം.
ലോ അക്കാദമി സമരത്തില്‍ സര്‍ക്കാറും എസ്എഫ്‌ഐയും ഒത്തുകളിക്കുകയായിരുന്നു. സ്വാധീനമുളള കോളേജുകളില്‍ തനി ഫാസിസ്റ്റ് നടപടിയാണ് എസ്എഫ്‌ഐ പിന്തുടരുന്നത്. എസ്എഫ്‌ഐയുടെ അസഹിഷ്ണുത കാരണം പലയിടത്തും എഐഎസ്എഫിന് സഖ്യം ഉപേക്ഷിക്കേണ്ടി വന്നു. എഐഎസ്എഫിന്റെ പുതിയ യൂണിറ്റുകളിലെ പെണ്‍കുട്ടികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എസ്എഫ്‌ഐ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത്, വിക്‌ടോറിയ കോളേജില്‍ ശവക്കല്ലറ ഒരുക്കിയത് തുടങ്ങിയ എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് ശൈലിയെയും ഇതിനെ ന്യായീകരിച്ച സിപിഎം നേതാക്കളെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം കനയ്യ കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് വി. വിനില്‍ പതാകയുയര്‍ത്തി. സമ്മേളനം നാളെ സമാപിക്കും.
















