കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതി ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് വിവാദമായതോടെ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കുറുക്കുവഴി തേടുന്നു. നിലവില്‍ കരട് പട്ടികയിലുള്‍പ്പെട്ട അനര്‍ഹരായവരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരാതിക്കാരില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്താനാണ് നീക്കം. പദ്ധതിയില്‍ നിന്ന് അര്‍ഹരായ ഏഴു ലക്ഷത്തിലേറെ പേര്‍ പുറത്തായെന്ന് ജന്മഭൂമി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
നിലവില്‍ തദ്ദേശസ്ഥാപനങ്ങളില്‍ ലഭിച്ചിട്ടുള്ള പരാതിക്കാരുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി അര്‍ഹരായവരെ ഉള്‍പ്പെടുത്തും. ഇതിന് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അര്‍ഹരായവരെ ഉള്‍പ്പെടുത്തുമ്പോള്‍ പട്ടികയില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിന് നടപടിയായില്ല. ഇത് ഫലത്തില്‍ അനര്‍ഹരായവര്‍ക്ക് ആനുകൂല്യം കിട്ടാനിടയാക്കുമെന്നാണ് ആക്ഷേപം.
സംസ്ഥാനമൊട്ടാകെ 12,44,321 കുടുംബങ്ങളില്‍ സര്‍വേ നടത്തിയാണ് പദ്ധതിയിലേക്ക് 5,06,904 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും അര്‍ഹരെന്ന് സര്‍വേയില്‍ കണ്ടെത്തിയ പലരും കരട് പട്ടിക വന്നപ്പോള്‍ പുറത്തായി. സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് പരാതി ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് അര്‍ഹരെ ഉള്‍പ്പെടുത്തി തടിയൂരാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍.
അനര്‍ഹരെ ഒഴിവാക്കുന്നതുസംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ പട്ടിക സംബന്ധിച്ച വിവാദം മുറുകുകയാണ്. ലൈഫ് പദ്ധതി സുതാര്യമായി നടപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം അട്ടിമറിക്കപ്പെട്ടതില്‍ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ട്.
















