റാഞ്ചി: ഝാര്‍ഖണ്ഡില്‍ ക്ഷേത്രഭൂമി അനധികൃതമായി സ്വകാര്യവ്യക്തികള്‍ക്ക് വിറ്റ പൂജാരിയെയും കൂട്ടാളികളെയും സിബിഐ അറസ്റ്റ് ചെയ്തു. രാം ജാനകി തപോവന്‍ മന്ദിറിലെ പൂജാരി രാം ശരണ്‍ ദാസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചില ഇടനിലക്കാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് 19 ഏക്കര്‍ ക്ഷേത്രഭൂമി ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി മറിച്ചുവിറ്റത്.
നഗരത്തിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രവും അനുബന്ധഭൂമിയും സ്ഥിതി ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ഝാര്‍ഖണ്ഡ് ഹൈക്കോടതി ജൂണ്‍ ഏഴിന് നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൂജാരിക്കു പുറമേ റാഞ്ചി റീജണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ആര്‍ആര്‍ഡിഎ) ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ക്കെതിരെ റാഞ്ചിയിലെ സിബിഐ അഴിമതി വിരുദ്ധവിഭാഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
1948ല്‍ ജാനകി ജീവന്‍ ശരണ്‍ എന്നയാളാണ് ശ്രീരാം ജാനകി തപോവന്‍ മന്ദിര്‍ ട്രസ്റ്റ് സ്ഥാപിച്ചത്. ക്ഷേത്രഭൂമി ഭഗവാന്റെതാണെന്നും അതിന്റെ നടത്തിപ്പിനുള്ള അധികാരം മാത്രമാണ് ട്രസ്റ്റിനുള്ളതെന്നുമാണ് നിയമാവലിയിലുള്ളത്.
2005ല്‍ ട്രസ്റ്റിന്റെ പഴയനിയമാവലി റദ്ദ് ചെയ്ത് തട്ടിപ്പിനായി പുതിയ നിയമാവലി ഉണ്ടാക്കുകയായിരുന്നു. ട്രസ്റ്റിന്റെ ആധാരത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയാണ് വന്‍തട്ടിപ്പ് അരങ്ങേറിയത്. യാഥാര്‍ഥ സ്ഥാപകനെ മാറ്റുകയും ആ സ്ഥാനത്ത് രാം ശരണ്‍ ദാസ് സ്വന്തം പേര് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി ട്രസ്റ്റിന്റെ ഭൂമി കൈമാറുകയായിരുന്നു പൂജാരിയും സംഘവും ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നിവയ്‌ക്കാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
















