കരുനാഗപ്പള്ളി: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥ മൂലമുണ്ടാകുമായിരുന്ന അപകടം രോഗിയുടെ ശ്രദ്ധ മൂലം ഒഴിവായി. മരുന്നു മാറി എഴുതി നല്‍കിയത് കണ്ടെത്തിയതോടെയാണിത്.
കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഷൈനിയുടെ ചികിത്സയിലിരുന്ന രണ്ടുമാസം ഗര്‍ഭിണിയായ കുലശേഖരപുരം സ്വദേശിനിയോട് സ്‌കാന്‍ റിപ്പോര്‍ട്ടുമായി ചെക്കപ്പിന് എത്താന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് അവര്‍ ഡോക്ടറെ സന്ദര്‍ശിച്ചത്. എന്നാല്‍ ഡോക്ടര്‍ കുറിപ്പടിയില്‍ മരുന്നെഴുതിയതിനു ശേഷം ടി ഷര്‍ട്ടും, കൈലിയുമായി ലേബര്‍ റൂമില്‍ ചെല്ലാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ഇതില്‍ സംശയം തോന്നിയ പേഷ്യന്റ് ലേബര്‍ റൂമിലെ നഴ്‌സുമാരോടും ഒപിയില്‍ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടറോടും മരുന്നിന്റെ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് അബോര്‍ഷനു വേണ്ടിയുള്ള മരുന്നാണ് ഡോക്ടര്‍ കുറിച്ചിട്ടുള്ളതെന്ന് മനസിലാക്കിയത്.
പേഷ്യന്റിന്റെ അവസരോചിതമായ ഇടപെടലാണ് അബോര്‍ഷന്‍ ഒഴിവാക്കിയത്. പ്രസവത്തോട് അനുബന്ധിച്ച് മാതാവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഈ ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.
തന്റെ അനുവാദമോ സമ്മതമോ കൂടാതെ അബോര്‍ഷന്‍ നടത്താന്‍ ശ്രമിച്ചതിനെതിരെ പേഷ്യന്റ് ഡോക്ടര്‍ക്കെതിരെ സൂപ്രണ്ടിനും, ഡിഎംഒയ്‌ക്കും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സൂപ്രണ്ട് ഡോക്ടര്‍ക്ക് മെമ്മോ നല്‍കുകയാണ്. മറുപടി കിട്ടിയാലുടന്‍ ഡിഎംഒക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സുപ്രണ്ട് പറഞ്ഞു.
വാഹനാപകടത്തില്‍ പെട്ടയാളെ ചികില്‍സ നല്‍കാതെ പറഞ്ഞവിട്ടതിനെത്തുടര്‍ന്ന് ഏഴുമണിക്കൂര്‍ ചോരവാര്‍ന്ന് ആംബുലന്‍സില്‍ മുരുകന്‍ എന്നയാള്‍ മരിച്ചത് ഏതാനും ദിവസങ്ങള്‍ മുന്‍പാണ്. ഇതിന്റെ പേരില്‍ ആറ് ആശുപത്രികള്‍ക്കെതിരെ നടപടി എടുത്തിരുന്നു.
















