തച്ചങ്കരി എസ്റ്റേറ്റിനു മുന്നിൽ വൈദ്യുതി ആഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡം ഷീറ്റ് ഇട്ട് മൂടിയ നിലയിൽ
ഇടുക്കി: ചിന്നക്കനാലില്‍ എഡിജിപി ടോമി തച്ചങ്കരിയുടെ സഹോദരന്‍ ടിസണ്‍ തച്ചങ്കരിയുടെ എസ്റ്റേറ്റിന് മുന്നില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് ഗേറ്റിന് മുന്‍ഭാഗത്തുള്ള വേലിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. 11 വയസുള്ള പിടിയാനയാണ് ചെരിഞ്ഞത്. എസ്റ്റേറ്റിന് ചുറ്റും സോളാര്‍ വേലിയാണുള്ളത്. ഈ വേലിയില്‍ തട്ടിയാല്‍ ആനക്ക് നേരിയ ഷോക്കേ ഏല്‍ക്കൂ. സോളാര്‍ വേലിയിലൂടെ വൈദ്യുതി കടത്തിവിട്ടതാകാം കാട്ടാന ചെരിയാന്‍ കാരണമെന്നാണ് സംശയം.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലേ കേസുമായി മുന്നോട്ടുപോകാനാകൂ. പോസ്റ്റുമോര്‍ട്ടം വൈകിട്ട് നാല് മണിക്ക് ശേഷമാണ് നടത്തിയത്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാസറുദ്ദീന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ആന ചെരിഞ്ഞ പ്രദേശത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് വൈദ്യുതി ലൈന്‍ കടന്ന് പോകുന്നത്. എസ്‌റ്റേറ്റ് ഓഫീസിലേക്ക് വൈദ്യുതി എത്തിക്കാനാണ് വൈദ്യുതി ലൈന്‍. ഈ ഓഫീസില്‍ നിന്നാണ് എസ്റ്റേറ്റിന് ചുറ്റുമുള്ള വേലിയിലേക്ക് രാത്രികാലത്ത് സൗരോര്‍ജ്ജം കടത്തിവിടുന്നത്.
ഈ വേലിയില്‍ ഓഫീസില്‍ നിന്നും വൈദ്യുതി കടത്തിവിട്ടോയെന്ന് കണ്ടെത്താന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. വിശദമായ പരിശോധനയ്‌ക്ക് വേണ്ടി ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഇന്നലെ വൈകിട്ടോടെ പരിശോധന നടത്തി.
വൈദ്യുതി കടത്തി വിട്ടതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. രണ്ട് മാസത്തിനിടെ മൂന്നോളം കാട്ടാനകളാണ് മൂന്നാര്‍ മേഖലയില്‍ ചെരിഞ്ഞത്.
തച്ചങ്കരിയുടേത് റവന്യൂ വകുപ്പ് കരം സ്വീകരിക്കാത്ത എസ്റ്റേറ്റ്
മൂന്നാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ മുതല്‍ തച്ചങ്കരി എസ്റ്റേറ്റിന് കരം സ്വീകരിക്കുന്നില്ല. ഏലപ്പട്ടയ എസ്റ്റേറ്റിന്റെ രേഖകളില്‍ റവന്യൂ വകുപ്പിന് സംശയമുള്ളതിനാലാണ് കരം സ്വീകരിക്കാത്തതെന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ഷാജി അറിയിച്ചു. റവന്യൂ വകുപ്പിനെതിരെ ടിസണ്‍ തച്ചങ്കരി നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുമുണ്ട്.
എസ്റ്റേറ്റ് ആനത്താരയിലാണെന്ന് ദേവികുളം ഫോറസ്റ്റ് റെയ്ഞ്ചറായിരുന്ന വി.കെ ഫ്രാന്‍സീസ് ഏഴ് വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്റ്റേറ്റിലെ ഏലച്ചെടികള്‍ കാട്ടാന നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്റ്റേറ്റ് മാനേജര്‍ വനംവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.
ഇതേക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് എസ്റ്റേറ്റിനുള്ളില്‍ ആനകള്‍ സഞ്ചരിക്കുന്നതായി റെയ്ഞ്ചര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് എസ്റ്റേറ്റിന് ചുറ്റും സോളാര്‍ വേലി നിര്‍മ്മിച്ച് ആനത്താര അടച്ചത്.
















