തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്‌ക്ക് ചോദ്യം തയ്യാറാക്കുമ്പോള്‍ തെറ്റിയാല്‍ തയ്യാറാക്കുന്ന അധ്യാപകനെ ഡീബാര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീര്‍. ഇതിന് മുന്നോടിയായി എസ്‌സിഇആര്‍ടി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പൊതു വിദ്യാഭ്യാസവകുപ്പ്, കോളേജ് വിദ്യാഭ്യാസ വകുപ്പ്, ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍, മെഡിക്കല്‍ എജ്യൂക്കേഷന്‍ എന്നിവയുടെ മേധാവികളുമായി പിഎസ്‌സി ചെയര്‍മാന്‍ ഇന്നലെ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ പിഎസ്‌സി പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ ചോദ്യകര്‍ത്താക്കളുടെ പാനലുണ്ട്. എന്നാല്‍, പലരെയും കിട്ടാനില്ല. അബദ്ധ ചോദ്യങ്ങള്‍ കടന്നുകൂടുന്നതായ പരാതികളുമുണ്ട്. ചോദ്യകര്‍ത്താക്കള്‍ക്കും പരീക്ഷാനിരീക്ഷകര്‍ക്കും കുറവ് നേരിടുന്ന സാഹചര്യത്തില്‍ ഇവ രണ്ടും അദ്ധ്യാപകര്‍ക്ക് നിര്‍ബന്ധിത സേവനമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ക്കായി നടന്ന എല്‍ഡിസി പരീക്ഷയില്‍ സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ കടന്നുകൂടിയെന്നാണ് ആരോപണം.
ദേശീയവും അന്തര്‍ദേശീയവുമായ സമകാലിക സംഭവങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളായിരുന്നു വേണ്ടതെങ്കിലും ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. ചോദ്യങ്ങള്‍ തെറ്റിയോ എന്ന് പിഎസ്‌സിയുടെ വിദഗ്ധ സമിതി യോഗം തിങ്കളാഴ്ച പരിശോധിക്കും. തെറ്റെന്ന് ബോദ്ധ്യപ്പെടുന്ന ചോദ്യം ഒഴിവാക്കിയായിരിക്കും മൂല്യനിര്‍ണയം. ഒന്നോ രണ്ടോ ചോദ്യം തെറ്റിയെന്നുകരുതി പരീക്ഷ റദ്ദാക്കേണ്ട കാര്യമില്ല. തെറ്റായ ചോദ്യം തയ്യാറാക്കിയ ആളെ ചോദ്യകര്‍ത്താക്കളുടെ പാനലില്‍ നിന്ന് ഒഴിവാക്കും. ചോദ്യം സെറ്റ് ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
















