പാലക്കാട്: ആറ് ദിവസമായി പാലക്കാട്, തൃശൂര്‍ ജില്ലകളെ ഭീതിയിലാക്കിയ കാട്ടാനക്കൂട്ടത്തെ കാട് കയറ്റാന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ തീവ്രശ്രമം തുടരുന്നു. ഇന്നലെ രാവിലെ മങ്കര റെയില്‍വേ സ്‌റ്റേഷന് സമീപം ഭാരതപ്പുഴയോട് ചേര്‍ന്ന് അതിര്‍ക്കാട്ടില്‍ നിലയുറപ്പിച്ച മൂന്നംഗ കാട്ടാന സംഘത്തെ കാട്ടിലേക്ക് തിരികെ കയറ്റാന്‍ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിലാണ് ശ്രമം തുടങ്ങിയത്.
രാവിലെ ഒന്‍പതരയോടെ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും പരമ്പരാഗത രീതിയിലാണ് ശ്രമം പുരോഗമിച്ചത്. ഇറങ്ങിവന്ന അതേ ദിശയില്‍ കാട് കയറ്റാന്‍ ശ്രമിച്ചെങ്കിലും ദിശയറിയാതെ ആനകള്‍ ഭാരതപ്പുഴയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ നിന്നു. വയനാട്ടില്‍ നിന്നും കോന്നിയില്‍ നിന്നുമെത്തിയ വിദഗ്ധ സംഘം ഭാരതപ്പുഴയിലൂടെ സ്പീഡ്‌ബോട്ടില്‍ ആനകളുടെ സമീപത്തേക്ക് നീങ്ങി. കാട്ടില്‍കയറിയും വെള്ളത്തില്‍ നീരാടിയും നിന്ന ആനകളെ പറളി അയ്യര്‍മല വഴി കല്ലടിക്കോടന്‍ മലകളിലേക്ക് കയറ്റാനാണ് തീരുമാനിച്ചത്. വൈകിട്ട് വരെ ആനകള്‍ പ്രകോപനത്തെ അതിജീവിച്ച് നിന്നു.
മങ്കരയില്‍ നിന്ന് എട്ട് കിലോമീറ്ററാണ് അയ്യര്‍മലയിലേക്കുള്ളത്. വൈകിട്ട് അഞ്ചരയോടെ ആനകള്‍ സ്ഥലം മാറാന്‍ തുടങ്ങിയതോടെ വനംവകുപ്പിന്റെ പദ്ധതി ഏറെക്കുറെ വിജയം കണ്ടു. പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയുമാണ് വനംവകുപ്പ് ആനകളെ കാട് കയറ്റുന്നത്. മങ്കര റെയില്‍വേ സ്‌േേറ്റഷന് സമീപത്ത് റെയില്‍പാതയ്‌ക്ക് സമാന്തരമായി ട്രാക്കിലേക്ക് കയറ്റാതെ കുറ്റിക്കാട്ടിലൂടെ അയ്യര്‍മലയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം നടത്തിയത്. സ്വമേധയാ തയ്യാറുള്ള ഏഴംഗ നാട്ടുകാരുടെ സംഘത്തെ വഴി കാണിക്കാനായി ഒപ്പം കൊണ്ടുപോയി.
മധ്യമേഖലാ വനംവകുപ്പ് മേധാവി, തൃശൂര്‍, പാലക്കാട് ഡി.എഫ്.ഒമാര്‍, നൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഒറ്റപ്പാലം, മങ്കര, പഴയന്നൂര്‍, ചേലക്കര പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നായി നൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനകളെ കാട് കയറ്റാന്‍ ശ്രമം നടത്തിയത്.
















