ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് കുട്ടിക്കുറ്റവാളികള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത ബലാത്സംഗക്കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതിയായത് 155 കേസുകളില്‍. ദല്‍ഹി ശിശു അവകാശ സംരക്ഷണ സമിതിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിര്‍ ആണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.
2016ല്‍ കുട്ടികള്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ അഞ്ച് ശതമാനം വര്‍ധന. ബലാത്സംഗം, വാഹന മോഷണം എന്നിവയില്‍ 2,499 കുട്ടികള്‍ പ്രതികളായി. 2015 ല്‍ ഇത് 2,366 ആയിരുന്നു. 2016ലെ ആകെ കേസ് 3,808.
കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ ദല്‍ഹി പോലീസ് ‘യുവ’ എന്ന പദ്ധതി ആരംഭിച്ചുവെന്നും ഇതിനു കീഴില്‍ ശില്‍പ്പശാലകള്‍, കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ പോലീസുകാരെ നിയോഗിച്ചു.
രക്ഷാകര്‍ത്താക്കളില്‍ നിന്നുള്ള ഒറ്റപ്പെടല്‍, ദാരിദ്ര്യം തുടങ്ങിയ നിരവധി കാര്യങ്ങള്‍ കുട്ടികളെ കുറ്റകൃത്യങ്ങളിലേയ്‌ക്ക് നയിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
















