ന്യൂദല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ ഖത്തറില്‍നിന്നും മലബാര്‍ ജില്ലകളിലേക്കൊഴുകിയത് 153 കോടി രൂപ. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ എന്‍ജിഒകള്‍ക്ക് ലഭിച്ച സാമ്പത്തിക സഹായത്തിന്റെ കണക്കുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‍സ് ബ്യൂറോ കൈമാറി.
2011 മുതല്‍ 2016 വരെയുള്ള കണക്കാണ് ഐബി ശേഖരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പണമെത്തിയത്. 44 കോടി രൂപ. മലപ്പുറത്ത് 42 കോടിയും. പണം ചെലവഴിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
മലബാര്‍ ജില്ലകളില്‍ 437 എന്‍ജിഒകള്‍ക്ക് വിദേശ പണം സ്വീകരിക്കാനുള്ള അനുമതിയുണ്ട്. കോഴിക്കോട് സലഫി ചാരിറ്റബിള്‍ ട്രസ്റ്റ്, മലപ്പുറം ഇസ്ലാമിക് മിഷന്‍ ട്രസ്റ്റ് എന്നിവയുള്‍പ്പെടെ ഒന്‍പത് എന്‍ജിഒകള്‍ക്കാണ് ഖത്തറില്‍നിന്നും പണം ലഭിച്ചത്. ഖത്തറിലെ സര്‍ക്കാര്‍ വകുപ്പുകള്‍, ഖത്തര്‍ ചാരിറ്റി, ഹസ്സാന്‍ ഗ്രൂപ്പ് തുടങ്ങിയവയാണ് പ്രധാനമായും പണം നല്‍കിയത്.
വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനത്തിന് വിവിധ മുസ്ലിം രാജ്യങ്ങളും വിദേശ സംഘടനകളും എന്‍ജിഒകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നുണ്ട്. നിയമപരമായാണ് പണം ലഭിച്ചതെങ്കിലും ഖത്തറിന്റെ ഭീകരവാദ ബന്ധവും കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റിലെ വളര്‍ച്ചയും പരിഗണിച്ചാണ് വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. എന്‍ജിഒകള്‍ സമര്‍പ്പിച്ച എഫ്‌സിആര്‍എ റിട്ടേണുകള്‍ പരിശോധിച്ച് വരികയാണ്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവിധ ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍നിന്നാണ് ഏറ്റവുമധികം ആളുകള്‍ ഐഎസ്സില്‍ ചേര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പണം വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ ഏഴിന് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് ഇന്റലിജന്‍സ് ബ്യൂറോ വിശദമായ കണക്കുകള്‍ ശേഖരിച്ചത്. മലബാര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ഖത്തര്‍ ആസ്ഥാനമായ സംഘടനകള്‍ പണം ഒഴുക്കുന്നത് ഏതാനും വര്‍ഷങ്ങളായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഐബി ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പ്രതികരിച്ചു.
55 പേര്‍ നിരീക്ഷണത്തില്‍
ന്യൂദല്‍ഹി:ഐഎസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ 55 പേര്‍ നിരീക്ഷണത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മലബാര്‍ ജില്ലകളിലാണ് ഐഎസ് പ്രവര്‍ത്തനം ശക്തമായുള്ളത്. വ്യാജപാസ്‌പോര്‍ട്ടില്‍ പിടിയിലായി തുര്‍ക്കിയില്‍നിന്നും നാടുകടത്തപ്പെട്ട ഐഎസ് ഭീകരന്‍ കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ വെള്ളുവക്കണ്ടിയെ ദല്‍ഹി പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപി, വിഎച്ച്പി നേതാക്കളെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
















