കാസര്‍കോട്: ദിവസങ്ങളായുള്ള ഒരു നാടിന്റെ പ്രാര്‍ഥനകളും പ്രതീക്ഷകളും വിഫലമായി. ഇന്നലെ നാട് ഒന്നാകെ കൂട്ടനിലവിളിയിലമര്‍ന്നു. ആഗസ്റ്റ് മൂന്നിന് അംഗന്‍വാടിയില്‍ നിന്ന് അമ്മയോട് കൊച്ചുവര്‍ത്തമാനവും കളിചിരികളുമായി വന്ന് വീടിന് മുന്നിലെ തോട്ടില്‍ പരല്‍ മീനുകളെ നോക്കി നില്‍ക്കെ അപ്രത്യക്ഷയായ നാലുവയസ്സുകാരി സന ഫാത്തിമ ഇനി ഈ ലോകത്തില്ല എന്ന സത്യം ഉള്‍ക്കൊള്ളാനാകാതെ പാണത്തൂരിലെ ബാപുകയം തേങ്ങുകയാണ്.
ആറ് ദിവസത്തെ തിരച്ചിലുകള്‍ക്കൊടുവിലാണ് സനയുടെ ഭൗതികദേഹം വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററുകള്‍ക്കപ്പുറം പാണത്തൂര്‍ പവിത്രംകയത്ത് കണ്ടെത്തിയത്. സനയെ കാണാതായ വാര്‍ത്ത അറിഞ്ഞ മുതല്‍ നാട് ഒന്നാകെ ആ കുരുന്നിനായി പ്രര്‍ഥിക്കുകയായിരുന്നു.
പോലീസും, കോസ്റ്റല്‍ പോലീസും, നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പവിത്രംകയത്ത് പുഴയിലേയ്‌ക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകള്‍ക്കിടയില്‍ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്തു നിന്നുമുള്ള ദുരന്ത നിവാരണ സേനയുടെ പ്രത്യക സംഘം പരിശോധനയ്‌ക്കെത്തിയിരുന്നു. സേനയിലെ ശാസ്ത്രജ്ഞന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സംഘമാണ് തിരച്ചില്‍ നടത്തിയത്. വെള്ളത്തിന്റെ അടിയില്‍ തിരച്ചില്‍ നടത്തുന്നതിനുള്ള സ്‌കൂബ് ക്യാമറ ഉപയോഗിച്ചായിരുന്നു ദുരന്ത നിവാരണ സേനയുടെ പരിശോധന. വീടിന് സമീപത്തെ തോട്ടില്‍ വീണ സന വെള്ളം പോകാനായി സ്ഥാപിച്ചിരുന്ന പൈപ്പിലൂടെ ഒഴുകി പുഴയിലെത്തിയതാകാമെന്ന് പോലീസ് പറഞ്ഞു.
സനയുടെ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് സിഐ എം.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. രാജപുരം എസ്‌ഐ എ.പി.ജയകുമാര്‍, ചിറ്റാരിക്കാല്‍ എസ്‌ഐ ടി.വി.പ്രേമന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രേമരാജന്‍, റിജേഷ്, ഗോപകുമാര്‍, ബിജു പെരളം എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പാണത്തൂര്‍ ഭാഗങ്ങളിലെത്താറുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ട നാടോടി സംഘത്തെ നീലേശ്വരത്തുള്ള അവരുടെ താമസസ്ഥലത്തുവെച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
വെള്ളം കണ്ടാല്‍ ഭയക്കുന്ന മകള്‍ സന ഒരിക്കലും വെള്ളക്കെട്ട് നിറഞ്ഞ ഓടയിലേക്ക് ഇറങ്ങില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇബ്രാഹിം-ഹസീന ദമ്പതികള്‍. ഭൗതികദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേയ്‌ക്ക് കൊണ്ടുപോയി.
















