കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു റദ്ദാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ മൂന്നു വോട്ടര്‍മാരെ ഹാജരാക്കാന്‍ ഹൈക്കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ കാലാവധി നാളെ അവസാനിക്കും.
ബൂത്ത് നമ്പര്‍ 43 ലെ വോട്ടറായ ആനേക്കല്ല് സ്വദേശി ഉമ്മര്‍ ഫാറൂഖ്, ബൂത്ത് നമ്പര്‍ 60 ലെ വോട്ടറായ ഉപ്പള സ്വദേശി ജബ്ബാര്‍, ബൂത്ത് നമ്പര്‍ 85 ലെ വോട്ടറായ കുമ്പള സ്വദേശി മൊയ്തീന്‍ കുഞ്ഞി എന്നിവരെ ഹാജരാക്കാനാണ് ഹൈക്കോടതി വാറണ്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പഴയ വോട്ടര്‍ പട്ടികയിലെ വിലാസത്തിലല്ല ഇവര്‍ ഇപ്പോള്‍ താമസമെന്നതും പരിസരവാസികള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും അധികൃതരെ കഴയ്‌ക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് വേളയില്‍ താമസ സ്ഥലത്തില്ലാതിരുന്നവരുടെയും ഒപ്പില്‍ കൃത്രിമത്വം കണ്ടെത്തിയതുമായ 84 വോട്ടുകളുടെ തെളിവുകള്‍ കോടതിയ്‌ക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ തോറ്റത്.
വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചുപോയവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നെന്നും ഇതാണ് തന്റെ തോല്‍വിക്കു കാരണമായതെന്നും ആരോപിച്ചാണ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ 259 വോട്ടര്‍മാര്‍ക്കാണ് ഹാജരായി മൊഴി നല്‍കാന്‍ ഹൈക്കോടതി സമന്‍സ് നല്‍കിയത്. എന്നിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് മൂന്നു പേര്‍ക്കെതിരെ ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
വിദേശത്തുള്ളവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭിക്കാന്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ അഭിഭാഷകന്‍ മുഖേന ശ്രമിക്കണമെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും അവ്യക്തത തുടര്‍ന്നാല്‍ ഇവരെ കോടതിയിലെത്തിക്കാനുള്ള ചെലവ് താന്‍ വഹിക്കാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിക്കഴിഞ്ഞു.
















