കണ്ണൂര്‍: ആയിക്കര മാപ്പിള ബേയില്‍ അടിഞ്ഞ് കൂടിയ മണല്‍ ഡ്രജ് ചെയ്ത് നീക്കാത്തതില്‍ പ്രതിഷേധിച്ച് ആയിക്കരയില്‍ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ ഹര്‍ത്താല്‍ ആചരിച്ചു. മാപ്പിളബേയിലെ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബോട്ടുടമകളും തൊഴിലാളികളും നിരവധി തവണ പോര്‍ട്ട് അധികാരികളെ അറിയിച്ചിരുന്നു. എന്നാല്‍ ശാശ്വതപരിഹാരം കാണാന്‍ ഇതേവരെ അധികാരികള്‍ തയ്യാറായിട്ടില്ല. ഇടയ്‌ക്കിടെ അപകടം ഉണ്ടാകുമ്പോള്‍ മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം മണല്‍ നീക്കുമെന്ന് നിരവധിതവണ പ്രഖ്യാപനം നടത്തുകയല്ലാതെ ശാശ്വതപരിഹാരം കണ്ടെത്താത്തത് നിരവധി മത്സ്യബന്ധന ബോട്ടുകള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ആയിക്കരയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോവുകയായിരുന്ന ചെഗുവേര ബോട്ട് മണല്‍തിട്ടയിലിടിച്ച് തകര്‍ന്നിരുന്നു. അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ചാണ് ബോട്ട് തൊഴിലാളികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും കണ്ണൂര്‍ അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംയുക്തമായി ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലിനെ തുടര്‍ന്ന് മത്സ്യം കയറ്റിയയക്കുന്നതും ഇറക്കുന്നതും നിലച്ചു. പണിമുടക്കിയ ബോട്ടുടമകളും തൊഴിലാളികളും ഹാര്‍ബ്ബര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. ഉപരോധ സമരം ഫാ. ദേവസ്യ ഈരത്തറ ഉദ്ഘാടനം ചെയ്തു.
















