പഴയങ്ങാടി: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മുന്‍ ചെയര്‍മാന്‍ അബ്ദുള്‍ ജബ്ബാര്‍ ഹാജിയുടെ പഴയങ്ങാടിയിലെ വീട്ടില്‍ പോലീസ് റെയ്ഡ്. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സിറ്റി സിഐ കെ.വി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇന്നലെ രാവിലെ റെയ്ഡ് തുടങ്ങിയത്. എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്ത്, വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരി, പഴയങ്ങാടി എസ്‌ഐ പി.വി.സജീവ് എന്നിവരും ഇരുപത്തഞ്ചോളം പോലീസുകാരും റെയ്ഡില്‍ പങ്കെടുത്തു.
2016-17 വിദ്യാഭ്യാസ വര്‍ഷം സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ പ്രവേശന പരീക്ഷ നടത്തി അധികമായി 47 ലക്ഷം രൂപയോളം വാങ്ങുകയും സുപ്രീംകോടതി ഉത്തരവ് പാലിക്കാതെ പ്രവേശനം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ സീറ്റ് 150ല്‍ നിന്ന് നൂറായി ചുരുങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ എംബിബിഎസ് പ്രവേശന അംഗീകാരവും സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയിരുന്നു. അക്കാലത്ത് ലക്ഷങ്ങള്‍ നല്‍കി പ്രവേശനം നേടിയ കുട്ടികളുടെ ഭാവി അവതാളത്തിലായിരുന്നു. പലകുട്ടികളുടെ രക്ഷിതാക്കളില്‍നിന്നും ലക്ഷക്കണക്കിന് രൂപ കോളേജ് മാനേജ്‌മെന്റ് കൈപ്പറ്റിയിരുന്നു. 1.18 കോടി രൂപവരെ സീറ്റിനായി നല്‍കിയ രക്ഷിതാക്കളുണ്ട്.
എന്നാല്‍ ഇവര്‍ക്ക പണവും സര്‍ട്ടിഫിക്കറ്റുകളും തിരിച്ചുനല്‍കിയില്ലായെന്ന വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. നേരത്തെ പണം നല്‍കിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ നീറ്റ് പരീക്ഷ എഴുതി മറ്റ് ചില കോളേജുകളില്‍ ഇത്തവണ സീറ്റ് ഉറപ്പാക്കിയിരുന്നു. എന്നാല്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പണവും തിരിച്ചുലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവേശനം തടസ്സപ്പെട്ടരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പണം നല്‍കിയ രക്ഷിതാക്കള്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. റെയ്ഡില്‍ നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തതായാണ് സൂചന.
ജബ്ബാര്‍ ഹാജി അടുത്ത കാലത്തായി കോളേജ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയും അദ്ദേഹത്തിന്റെ ഭാര്യാപിതാവിനെ ചെയര്‍മാനാക്കുകയും ചെയ്തിരുന്നു.
















