തളിപ്പറമ്പ്: റിട്ട.ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിലും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലും അനേ്വഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബാലകൃഷ്ണന്റെ സഹോദരങ്ങളുടെ മക്കള്‍ നാട്ടിലെത്തും. സഹോദരി യശോദയുടെ മകനും മലേഷ്യയില്‍ ഉദ്യോഗസ്ഥനുമായ ശിവകുമാര്‍, മറ്റൊരു സഹോദരി സുഭദ്രയുടെ മകന്‍ ദല്‍ഹിയില്‍ ഉദ്യോഗസ്ഥനായ സുരേഷ്, മറ്റൊരു സഹോദരി നാരായണിയുടെ അടുത്ത ബന്ധുക്കള്‍ എന്നിവരാണ് കേസന്വേഷണത്തിന്റെ ഭാഗമായി നാട്ടിലെത്തുന്നത്.
ചെന്നൈയിലുള്ള സഹോദരി വിജയലക്ഷ്മിയും എത്തും. ഇതോടുകൂടി കേസന്വേഷണം ഊര്‍ജ്ജിതമാക്കാനും അന്യാധീനപ്പെട്ട സ്വത്തുക്കള്‍ കണ്ടെടുക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.
ബാലകൃഷ്ണന്റെ പിതാവ് ഡോ.കുഞ്ഞമ്പുനായരുടെ ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ പലരും കയ്യേറിയ നിലയിലാണ്. ബാലകൃഷ്ണന്റെ സഹോദരന്‍ രമേശനെ മൂന്ന് ദിവസമായി കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പയ്യന്നൂരിലെ അഭിഭാഷകയും സംഘവും സ്വത്തുക്കള്‍ തട്ടിയെടുത്ത സംഭവം പുറത്തുകൊണ്ടുവരാന്‍ കര്‍മ്മസമിതിയോടൊപ്പം നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് രമേശന്‍. ഇയാള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളോ മൊബൈല്‍ ഫോണോ ഒന്നുമില്ലാത്തത് അന്വേഷണ സംഘത്തെ വലയ്‌ക്കുന്നുണ്ട്. കണ്ണൂരിലെ ലോഡ്ജുകളിലാണ് താമസം. കേസന്വേഷണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍നിന്നുമെത്തിയ പോലീസ് ഇയാളെ പല സ്ഥലങ്ങളിലായി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരത്തുനിന്ന് പയ്യന്നൂരിലേക്ക് അഭിഭാഷക ഷൈലജയും സംഘവും കൂട്ടിക്കൊണ്ടുവരവെ ബാലകൃഷ്ണന്‍ കൊടുങ്ങല്ലൂരില്‍വെച്ചാണ് മരണപ്പെട്ടത്. ഇത് കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണത്തിനായി ഇവിടെ എത്തിയത്. ഇന്ന് വൈകുന്നേരം 3 മണിക്ക് കര്‍മ്മസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണും. കേസന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണുന്നത്.
കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് പയ്യന്നൂര്‍ പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐ എം.പി.ആസാദാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കേസില്‍ കക്ഷിയായ പയ്യന്നൂരിലെ അഭിഷാക കെ.വി.ഷൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
















