കൊച്ചി: : മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് കളിക്കളത്തിലേയ്ക്ക് മടങ്ങിവരാന്‍ അവസരമൊരുങ്ങുന്നു. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിന് ഉടനെ ക്രീസിലിറങ്ങാനാകും.
വിലക്ക് റദ്ദാക്കിയതിനെ തുടര്‍ന്ന് ശ്രീശാന്തിന് പിന്തുണയായി കേരള ക്രിക്കറ്റ് അസോസിയേഷന് ( കെ സിഎ) മുന്നോട്ടുവന്നിട്ടുണ്ട്. ശ്രീശാന്തിന് കേരള ടീമിലേയ്ക്കും ഇന്ത്യന്‍ ടീമിലേക്കും തിരച്ചുവരാന്‍ അവകാശമുണ്ടെന്ന് കെസിഎ പ്രസിഡന്റ് ബി. വിനോദ്കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് മാറ്റിയ സാഹചര്യത്തില്‍ കേരള ടീമിലേയ്ക്ക് പരിഗണിക്കപ്പെടാന്‍ ശ്രീശാന്ത് അര്‍ഹനാണ്. ഇന്ത്യന്‍ ടീമിലേയ്ക്കും തിരിച്ചെത്താനാകുമെന്നും വിനോദ് കുമാര്‍ പറഞ്ഞു.
വിധിക്കെതിരെ ബിസിസിഐ അപ്പീല്‍ പോകരുതെന്ന് ബിസിസിഐ വൈസ്പ്രസിഡന്റും മുന്‍ കെസിഎ പ്രസിഡന്റുമായ ടി സി മാത്യൂ ആവശ്യപ്പെട്ടു.
കേരളാ രഞ്ജി ടീമിലേക്കുളള ശ്രീശാന്തിന്റെ മടങ്ങിവരവ് അദ്ദേഹത്തിന്റെ ഫോമിനെയും ഫിറ്റ്നസിനെയും ആശ്രയിച്ചിരിക്കുമെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. മുപ്പത്തിനാലുകാരനായ ശ്രീശാന്ത് നാലു വര്‍ഷമായി ക്രിക്കറ്റ് കളിച്ചിട്ടില്ല.എന്നിരുന്നാലും അദ്ദേഹത്തിന്റെ കഴിവും പരിചയ സമ്പത്തും ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് ജയേഷ് പറഞ്ഞു.
കോടതി വിലക്ക് നീക്കിയെങ്കിലും ഉടനെ ശ്രീശാന്തിനെ കേരള ടീമില്‍ എടുക്കില്ലെന്നാണ് സൂചന. ബിസിസിഐയുടെ നിലപാടറിഞ്ഞശേഷമെ ശ്രീശാന്തിനെ ടീമിലേയ്ക്ക് പരിഗണിക്കൂ. രണ്ടു വര്‍ഷം മുമ്പ് ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന് കെസിഎ ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല.
കേരള ടീമില്‍ തിരിച്ചെത്തുകയാണ് ആദ്യ ലക്ഷ്യം. പൂര്‍ണ ആരോഗ്യവാനാണെന്നും ഉടനെ കളക്കളത്തിലിറങ്ങുമെന്നും കോടതി വിധികേട്ടശേഷം ശ്രീശാന്ത് പറഞ്ഞു.
2013ലാണ് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന് റോയല്‍സ് ടീമംഗങ്ങളായ എസ്.
ശ്രീശാന്ത്, അജിത് ചാഡില, അങ്കിത് ചവാന് എന്നിവരെ ഒത്തുകളിയാരോപിച്ച് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ പാട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറായില്ല.തുടര്‍ന്നാണ് ശ്രീശാന്ത് വിലക്കിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന രണ്ടാമത്തെ മലയാളിതാരമാണ് ശ്രീശാന്ത്.27 ടെസ്റ്റില്‍ 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ട്വന്റി 20 യില്‍ ഏഴു വിക്കറ്റ് നേടി. ഇന്ത്യ കപ്പ് നേടിയ 2011 ലെ ലോകകപ്പിലും 2007 ലെ ട്വന്റി 20
ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമംഗമായിരുന്നു. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ അവസാന ക്യാച്ചെടുത്ത് വിജയം സമ്മാനിച്ചതും ശ്രീശാന്തായിരുന്നു.
ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് നീക്കിയതില്‍ കുടുംബാംഗങ്ങള്‍ ആഹ്ലാദം പങ്കുവച്ചു. ആപത്ത് ഘട്ടത്തില്‍ കൂടെനിന്നവരോടുള്ള കടപാടുകള്‍ മറക്കാനാകില്ലെന്ന് ശ്രീശാന്തിന്റെ അമ്മ സാവിത്രി പ്രതികരിച്ചു.
ശ്രീശാന്തിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ ഭുവനേശ്വരി പറഞ്ഞു. ബിസിസിഐ അതിന് അനുവദിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ആരാധകരോട് നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു.
ബി സി സി ഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിന് കേരള ടീമിലേക്കും ഇന്ത്യന്‍ ടീമിലേക്കും തിരിച്ചുവരാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് കെ.സി.എ പ്രസിഡന്റ്് ബി വിനോദ് കുമാര്‍ പറഞ്ഞു. ശ്രീശാന്ത് ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടത് ഏറെ വേദനയുണ്ടാക്കിയിരുന്നു. എന്നാല്‍ വിലക്ക് മാറിയതിനാല്‍ കേരള ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ അര്‍ഹനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീശാന്തിന്റെ വിലക്ക് നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റും കെ.സി.എ മുന്പ്രസിന്റുമായ ടി.സി മാത്യു പറഞ്ഞു. കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീല്‍ പോകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: