തിരുവനന്തപുരം: ഗവര്‍ണര്‍ ഇല്ലാത്ത രാജ്ഭവനുമുന്നില്‍ സിപിഎം നേതാക്കളുടെയും അനുയായികളുടെയും ധര്‍ണ്ണ. രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരേയും പരിക്കേറ്റവരേയും ഉള്‍പ്പെടുത്തി രാജ്ഭവനു മുന്നില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി എന്തിനെന്ന് അണികളെ പോലും ധരിപ്പിക്കാന്‍ നേതൃത്വത്തിന് ആയില്ല.
സിപിഎമ്മിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ കുടുബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ തടയാനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗവര്‍ണറെ കാണാന്‍ അരുണ്‍ ജെയ്റ്റ്ലി എത്തുമ്പോള്‍ തടയാനും കരിങ്കോടി കാണിക്കാനുമായിരുന്നു പദ്ധതി. ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാല്‍ ജെയ്റ്റ്ലി അതുവഴി വന്നതുമില്ല.
ഗവര്‍ണര്‍ സ്ഥലത്തില്ലെന്ന് ശനിയാഴ്ച തന്നെ അറിഞ്ഞിട്ടും സിപിഎം രാഷ്ട്രീയ നാടകം കളിക്കാനായി രക്തസാക്ഷികളുടെ കുടുംബത്തെ ഉപയോഗിച്ചതിന് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ജന്മനാടായ തമിഴ്നാട്ടില്‍ പോയ ഗവര്‍ണ്ണര്‍ നാളയേ തിരുവനന്തപുരത്ത് തിരിച്ചെത്തൂ. വ്യാഴാഴ്ചയാണ് അദ്ദേഹം പോയത്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചാണ് ഒന്നുമറിയാത്ത അണികളുടെ കുടുംബത്തെ റോഡുവക്കില്‍ ഇരുത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഉദ്ഘാടനം ചെയ്തത്.
സിപിഎം സംസ്ഥാനത്തൊട്ടാകെ നടത്തുന്ന രാഷ്ട്രീയ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലും രാജേഷിന്റെ കൊലപാതകത്തെ തുടര്‍ന്നും ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. മുഖ്യമന്ത്രി പേടിച്ചാണ് ഗവര്‍ണറെ കാണാന്‍ പോയതെന്ന് പ്രതിപക്ഷവും ആഞ്ഞടിച്ചതോടെ സിപിഎമ്മിന് ഉത്തരം മുട്ടി. ഇതു മറയ്ക്കുന്നതിനാണ് രാജ്ഭവനുമുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: