ലണ്ടന്‍: എത്യോപ്യയുടെ അല്‍മസ് അയന വനിതകളുടെ പതിനായിരം മീറ്റര്‍ സ്വര്‍ണമെഡല്‍ ഓടിയെടുത്തു. ഈ സീസണില്‍ ഇതാദ്യമായി മത്സരിക്കാനിറങ്ങിയ അയന എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഒന്നാം സ്ഥാനം നേടിയത്.
റിയോ ഒളിമ്പിക്സില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച അനയ്ക്ക് പക്ഷെ അതിനടുത്തെത്താനായില്ല. 30 മിനിറ്റ് 16.32 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. അനയുടെ നാ്ട്ടുകാരിയായ തിരുനേഷ് ഡിബാബ വെളളി മെഡലും കെനിയയുടെ അഗ്നസ് ടിറോപ്പ് വെങ്കലവും കരസ്ഥമാക്കി.
ദക്ഷിണാഫ്രിക്കയുടെ ലുവ മന്യോങ്ങ ശക്തമായ തിരിച്ചുവിലൂടെ പുരുഷന്മാരുടെ ലോങ്ങ് ജമ്പില്‍ സ്വര്‍ണം പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷത്തെ റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ലുവോ 8.48 മീറ്റര്‍ ദൂരം ചാടിക്കടന്നാണ് ഒന്നാം സ്ഥാനം നേടിയത്. അമേരിക്കയുടെ ജാറിസണ് ലാസണ്‍ വെളളിയും (8.44 മീറ്റര്‍) ദക്ഷിണാഫ്രിക്കയുടെ റുഷ്വാല് സാമയ് വെങ്കലവും (8.32) കരസ്ഥമാക്കി.
പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ വമ്പന്‍ താരങ്ങളെ പിന്നിലാക്കി ലിത്വാനിയയുടെ അഡ്രിയസ് ഗുഡ്സിയസ് സ്വര്‍ണം സ്വന്തമാക്കി.
മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനായ ഗുഡ്സിയസ് രണ്ടാമത്തെ ത്രോയില്‍ 69.21 മീറ്ററിലേക്ക് ഡിസ്കസ് പായിച്ചാണ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഗുഡ്സിയസിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഈ ഇനത്തില്‍ സുവര്‍ണപ്രതീക്ഷ നിലനിര്‍ത്തിയിരുന്ന സ്വീഡന്റെ ഡാനിയല്‍ സ്റ്റാളിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു (69.19 മീറ്റര്‍). അമേരിക്കയുടെ മേസണ്‍ ഫിന്‍ലേ 68.03 മീറ്റര്‍ ദൂരത്തേയ്ക്ക് ഡിസ്കസ് പായിച്ച് വെങ്കല മെഡല്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: