കോട്ടയം : ജലരാജാവായ കാരിച്ചാലിലൂടെ നെഹ്രുട്രോഫി കുമരകത്ത് എത്തിക്കാനുള്ള തീവ്ര പരിശീലനത്തിലാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ്. കഴിഞ്ഞ വര്‍ഷം വേമ്പനാട് ബോട്ട് ക്ലബ് ജേതാക്കളായത് കാരിച്ചാല്‍ ചുണ്ടനില്‍ തുഴയെറിഞ്ഞാണ്. ഈ വര്‍ഷം നഷ്ടപ്പെട്ട നെഹ്രുട്രോഫി തിരിച്ച് പിടിക്കാന്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് കാലേ കൂട്ടി പരിശീലനം തുടങ്ങിയിരുന്നു. ആറ് തവണ ക്ലബ് നെഹ്രുട്രോഫി നേടിയിട്ടുണ്ട്. രണ്ട് തവണ ഹാട്രിക് ഉള്‍പ്പെടെ 14 തവണ നെഹ്രുട്രോഫി വിജയം നേടിയ ചുണ്ടനാണ് കാരിച്ചാല്‍.
ഫെബ്രുവരി മാസത്തില്‍ തന്നെ ക്ലബിന്റെ പരിശീലനം തുടങ്ങി. ഈ വര്‍ഷം തുഴച്ചില്‍ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച 30 കശ്മീരിയുവാക്കള്‍ ടീമിനൊപ്പമുള്ളത് ആത്മവിശ്വാസം കൂട്ടുന്നു. കോട്ടത്തോട്ടിലും മുത്തേരിമടയിലുമായി തീവ്ര പരിശീലനത്തിലാണ് സംഘം. ആഗസ്റ്റ് ഒന്നിന് എത്തിയ സംഘം ടീമിനോട് ഇഴുകി ചേര്‍ന്നു. കുമരകം ടൗണിന് സമീപമാണ് ടീമിന്റെ ക്യാമ്പ്. കശ്മീരി യുവക്കാള്‍ക്ക് സ്വകാര്യ റിസോര്‍ട്ടിലാണ് താമസം ഒരുക്കിയിരിക്കുന്നത്. തികഞ്ഞ പ്രൊഫഷണല്‍ രീതിയിലാണ് ടീമിന്റെ തയ്യാറെടുപ്പ്. വ്യായാമവും പോഷക സമൃദ്ധമായ ഭക്ഷണവും പരിശീലനത്തിനുണ്ട്. രാവിലെ മുട്ടയും പാലും നല്‍കും. പ്രഭാത ഭക്ഷണത്തിന് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും. ഉച്ചയ്ക്ക് മീന്‍കറി കൂട്ടി ഊണ്. വൈകിട്ട് കാപ്പിയും ചെറുകടിയും. രാത്രി ഭക്ഷണത്തിനൊപ്പം ചിക്കന്‍ അല്ലെങ്കില്‍ ബീഫ്. ക്ലബിന്റെ പ്രസിഡന്റ് വി.എസ്.സുകേഷാണ്. സെക്രട്ടറി രാജേഷ് തോമസ്, ഖജാന്‍ജി വിമല്‍ ദാമോദരന്‍. ഒന്നാം തുഴക്കാരനും ക്യാപ്റ്റനും അനില്‍ കളപ്പുരയാണ്. ലീഡിംഗ് ക്യാപ്റ്റന്‍ സുനില്‍ കൈനകരിയും ഒന്നാം അമരം കാര്‍ത്തികേയനുമാണ്. 78 തുഴച്ചില്‍ക്കാര്‍, അഞ്ച് അമരം, 7 നിലക്കാര്‍ എന്നിവരാണ് വള്ളത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: