പാലാ: മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാലാ സബ് രജിസ്ട്രാര്‍ ഓഫീസിന് ശാപമോക്ഷം. പുതിയ കെട്ടിടം നിര്‍മ്മിക്കുവാനുള്ള തടസങ്ങള്‍ നീങ്ങി.
കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ നടക്കും. ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം. കെട്ടിടത്തിന്റെ മേല്‍ക്കൂര എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന സ്ഥിതിയിലുമാണ്. മഴക്കാലത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കെട്ടിടത്തിന് മേലെ പടുത വിരിച്ച് ചോര്‍ച്ച തടയുകയാണ്. പാലായിലെ മറ്റു സര്‍ക്കാര്‍ ഓഫീസുകളെല്ലാം പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം മാറിയെങ്കിലും സബ് രജിസ്ട്രാര്‍ ഓഫീസ് മാത്രമാണ് ജീര്‍ണ്ണിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് പാലാ സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ നടപടികള്‍ വൈകിയത്.
മുമ്പ് തുക അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നതാണ്. നിലവിലുള്ള കെട്ടിടത്തിനും ജില്ലാ ട്രഷറിക്കും ഇടയില്‍ 10 സെന്റ് സ്ഥലമാണ് ഓഫീസിനായുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കെട്ടിട നിര്‍മ്മാണത്തിനായി കരാറുകാരുമായി ഉടമ്പടി വയ്ക്കുകയും പ്രാഥമിക നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ റവന്യൂ വകുപ്പ് ഭൂമി രജിസ്ട്രേഷന് വകുപ്പിന് കൈമാറാത്തതിനാല്‍ നടപടികള്‍ നിലയ്ക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് പഴയ എസ്റ്റിമേറ്റ് തുകയ്ക്ക് നിര്‍മ്മാണം നടത്തുവാന്‍ സാദ്ധ്യമല്ലെന്ന് കാണിച്ച് കരാറുകാരന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും രജിസ്ട്രേഷന് വകുപ്പ് അധികൃതര്‍ക്കും കത്ത് നല്‍കിയിരുന്നു. രാഷ്ര്ടീയ സമ്മര്ങ്ങള്ക്കൊടുവില് റവന്യൂ വകുപ്പ് രജിസ്ട്രേഷന് വകുപ്പിന് ഭൂമി കൈമാറുകയായിരുന്നു.
എന്നാല്‍ നിര്‍ദിഷ്ട സ്ഥലത്ത് റവന്യൂ വകുപ്പ് കൈവശം സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കുകയും മരങ്ങള്‍ വെട്ടിമാറ്റി ഭൂമി നിര്‍മ്മാണത്തിന് സജ്ജമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വീണ്ടും കത്തു നല്കി.
പിന്നീട് വാഹനങ്ങള്‍ നീക്കം ചെയ്തുവെങ്കിലും മരങ്ങള്‍ വെട്ടിമാറ്റിയില്ലെന്ന കാരണം പറഞ്ഞ് റീ-ടെന്‍ഡര്‍ നടപടികള്‍ വൈകുകയായിരുന്നു.നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി ജി. സുധാകരന് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും കെ.എം. മാണി എംഎല്‍എ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: