കൊച്ചി: ഐഎസ് ബന്ധമുെണ്ടന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത ആലപ്പുഴ സ്വദേശി ബാസില്‍ ഷിഹാബ്(25), കോയമ്പത്തൂര്‍ ഉക്കടം സ്വദേശി അബ്ദുള്‍ റഹ്മാന്, കരുമ്പ്കടൈ സ്വദേശി എസ് അബ്ദുള്ള എന്നിവര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് കടന്ന 23 അംഗ മലയാളി സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി.
ഇവരെ എന്‍ഐഎയുടെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ഐഎസില്‍ ചേര്‍ന്ന മലയാളി അബ്ദുള്‍ റഷീദുമായി ബാസിലിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. അഫ്ഗാനിലേക്ക് കടന്ന 23 മലയാളികളുമായി പിടിയിലായവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ കനകമലയിലെ ഐഎസ് രഹസ്യയോഗം നടത്തിയതില്‍ ഇയാള്‍ പങ്കെടുത്തതായാണ് സൂചന. കേരളത്തില്‍ ഐഎസിനോട് അനുഭാവം പ്രകടിപ്പിച്ച് സജീവമായ നിരവധിപേരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞതായും ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
വൈറ്റിലയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ബാസില്‍. എംസിഎ കോഴ്സ് പൂര്‍ത്തിയാക്കിയ അബ്ദുള്‍ റഹ്മാന് തൊഴില്‍രഹിതനാണ്. ഉക്കടത്ത് കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് അബ്ദുള്ള. കോയമ്പത്തൂര്‍ സ്വദേശികളെയും അടുത്ത ദിവസം ചോദ്യംചെയ്യും. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഷജീര്‍ മംഗലശേരി ( അബു അയിഷ)യുമായി മൂന്ന്പേര്‍ക്കും അടുത്ത ബന്ധമുണ്ട്. ഷജീര്‍ രൂപം നല്കിയ വാട്സ് ആപ്പ് ഗ്രൂപ്പിലും ടെലിഗ്രാമിലും വ്യാജ പേരുകളില്‍ ഇവര്‍ സജീവമാണ്.
മൂന്ന്പേരെയും അന്വേഷണത്തിന്റെ ഭാഗമായാണ് വിളിച്ചുവരുത്തിയിട്ടുള്ളതെന്നും അവര്‍ക്കെതിരെ കുറ്റംചുമത്തിയിട്ടില്ലെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐഎസ് നേതാവ് ഒമര്‍ അല്‍ ഹിന്ദിയുമായി ബന്ധമുള്ളവരെത്തേടിയാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: