തിരുവനന്തപുരം: പോലീസുകാരുടെ സാന്നിദ്ധ്യംകൊണ്ട് അക്രമങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പോലീസ് സാന്നിദ്ധ്യത്തില്‍ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് കോടിയേരിയുടെ പ്രതികരണം. കേരളത്തില്‍ ഉണ്ടാകുന്ന അക്രമങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണ്. കലാപം ഉണ്ടായാല്‍ പിന്നീട് അത് നിയന്ത്രിക്കാനാവും. എന്നാല്‍ ഒരാള്‍ അക്രമം ഉണ്ടാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചാല്‍ എങ്ങനെ തടയാനാകും. പോലീസ് സംരക്ഷണം ഉണ്ടായിട്ടുപോലും ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടില്ലേ.
കേരളത്തില്‍ പോലീസ് സംരക്ഷണം ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടില്ലേ. പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ട് സമാധാനം ഉണ്ടാകില്ല. തനിക്കും സുരക്ഷയ്ക്കായി രണ്ടു പോലീസുകാര്‍ ഉണ്ട്. ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്നുറച്ചാല് എങ്ങനെ തടയാനാവും. പിന്നെ സാക്ഷിപറയാനെങ്കിലും ഒരാള്‍ ഉണ്ടാകുമെന്ന ആശ്വാസമുണ്ട്.
തിരുവനന്തപുരത്ത് സമാധാന യോഗം നടന്നതിന്റെ വൈകിട്ട് കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിക്കപ്പെട്ടു.
എന്നാല്‍ തിരിച്ച് പ്രകോപനം പാടില്ലെന്ന് സിപിഎം നിര്‍ദ്ദേശിച്ചിരുന്നു. ബിജെപി നേതാക്കളും അക്രമത്തെ അപലപിച്ചു. കോട്ടയത്തു നടന്ന യോഗവും സൗഹാര്‍ദ്ദപരമായിരുന്നു. ഇന്ന് കണ്ണൂരില്‍ ചര്‍ച്ച നടക്കും. 6ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടക്കുന്നുണ്ട്.
രാഷ്ട്രപതി ഭരണം വേണമെന്ന ആര്‍എസ്എസിന്റെ അഭിപ്രായം അവരുടെ ആഗ്രഹം മാത്രമാണ്. ഭരണഘടനയെന്ന ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്തേണ്ട. പിരിച്ചുവിടണമെങ്കില്‍ സര്‍ക്കാരിന് പിരിച്ചുവിടട്ടെ. ആറു മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: