തിരുവനന്തപുരം: സിപിഎം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി ഇതിനെ കാണരുത്. സൗഹൃദവും സംവാദവും എല്ലായ്പ്പോഴും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണറുടെ നടപടി ഒരുഭരണഘടനാ സ്ഥാപനം മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന്റെ മേല്‍ അധികാരം സ്ഥാപിച്ചതായി കാണേണ്ട. ഗവര്‍ണര്‍ ചില വിവരങ്ങള്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞു. മുഖ്യമന്ത്രിക്ക് വിരോധമില്ലെങ്കില്‍ നേരില്‍ പോയി സംസാരിക്കാം. മുഖ്യമന്ത്രിയില്‍ നിന്ന് ഗവര്‍ണറോ ഗവര്‍ണറില്‍ നിന്ന് മുഖ്യമന്ത്രിയോ വിവരങ്ങള്‍ ആരായുന്നത് തെറ്റല്ല. അതിന് തടസ്സമില്ലെന്നാണ് മനസ്സിലാക്കുന്നത്. ഗവര്‍ണറുടെ നടപടി വിവാദമാക്കേണ്ട കാര്യമില്ല. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സഹകരണം തേടി കക്ഷിനേതാക്കളുടെ യോഗം വിളിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എന്നാല്‍ നടപടി ശരിയായില്ലെന്നാണ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയുന്നത്.ഗവര്‍ണ്ണറുടെ നടപടി ഫെഡറലിസത്തെ ബാധിക്കും. ഭരണത്തില്‍ തലയിടാന്‍ ആരെയും അനുവദിക്കില്ല. ലേഖനത്തില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: