തിരുവനന്തപുരം: രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ സിപിഎമ്മും സിപിഐയും രണ്ടുതട്ടില്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ആശയവിനിമയം നടത്തിയതില്‍ അപാകതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍നടത്തിയ കൂടികാഴ്ചയില്‍ അപാകതയില്ലെന്ന് പറഞ്ഞ കോടിയേരി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് ആശയവിനിമയം നടത്തേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാമെന്നും അതിന്റെഭാഗമായിമാത്രമാണ് കൂടികാഴ്ചയെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്നും പറഞ്ഞു. ഗവര്‍ണറെ പല പ്രശ്നങ്ങളിലും വിമര്‍ശിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചുവന്നത്. അതുംകൂടി കണക്കിലെടുത്തുള്ള കരുതല്‍ നടപടിയാവാം ഗവര്‍ണര്‍ കൈക്കൊണ്ടത്. ഗവര്‍ണറുമായി നല്ല ബന്ധമാണ് സര്‍ക്കാരിനുള്ളത്. ആ ബന്ധം തകര്‍ക്കാന്‍ ബിജെപിയിലെ ചിലരും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. ആ കെണിയില്‍ വീഴാന്‍ ഞങ്ങള്‍ തയ്യാറല്ല. ഗവര്‍ണര്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ എന്തെങ്കിലും ഇടപെടല്‍ നടത്തിയാല്‍ പാര്‍ട്ടി ഇടപെടും. കൂടികാഴ്ചയ്ക്കുശേഷം അത്തരം ഒരു നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ല.
കൂടിക്കാഴ്ചയ്ക്കുശേഷം സമന് ചെയ്തു എന്ന ഗവര്‍ണറുടെ ഓഫീസിന്റെ ട്വീറ്റ് പലമേഖലകളിലും വിമര്‍ശനത്തിനിടയാക്കി. എന്നാല്‍ സമന് ചെയ്യുക എന്ന വാക്കിന് പല അര്‍ത്ഥങ്ങളുമുണ്ട്. നിയമസഭയില്‍ എംഎല്‍എമാരെ അഭിസംബോധന ചെയ്യുമ്പോഴും ഗവര്‍ണര്‍ ഈ വാചകം തന്നെയാണ് ഉപയോഗിക്കുന്നത്. ഗൂഗിളില്‍ ഇതിന് വ്യത്യസ്ത അര്‍ത്ഥമുണ്ട്. ഔദേ്യാഗികമായി യോഗം ഒരുക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. കോടതിയിലെ സമന്‍സുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നും കൂടികാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നുമാണ് പാര്‍ട്ടി നിലപാടെന്ന് കോടിയേരി വ്യക്തമാക്കി.
എന്നാല്‍ ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്നാണ് കാനം പറഞ്ഞത്. ഫെഡറല്‍ സംവിധാനത്തില്‍ ഇല്ലാത്ത അധികാരം ഗവര്‍ണര്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്നും കാനം ചോദിച്ചു. ഗവര്‍ണര്‍ വിളിച്ചയുടന്‍ അനുസരണയുള്ള കുട്ടിയെപ്പോലെ മുഖ്യമന്ത്രി പോയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മധ്യത്തിലുള്ള ഏജന്റാണ് ഗവര്‍ണര്‍. അതിനപ്പുറം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആജ്ഞാപിച്ച് വശത്താക്കാന്‍ ശ്രമിക്കുന്നത് നിയമപരമായി പരിശോധിക്കണം. ഫെഡറല്‍ സംവിധാനത്തിന് എന്താണ് വിലയെന്നും കേന്ദ്രം പറയുന്നത് സംസ്ഥാനം അനുസരിക്കുന്നു എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും കാനം പറഞ്ഞു.
കാനത്തിന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയ കോടിയേരിയുടെ മറുപടി സിപിഐ എന്തുപറയണമെന്ന് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടിയാണെന്നും സിപിഎം അല്ലെന്നും ആയിരുന്നു. അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ടാണ് രണ്ടും രണ്ടു പാര്‍ട്ടിയായി നിലനില്‍ക്കുന്നത്. ഇല്ലെങ്കില്‍ ഒരൊറ്റ പാര്‍ട്ടിയായി മാറുമായിരുന്നില്ലേയെന്നും കോടിയേരി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: