കോട്ടയം: പുതിയതായി വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളിലെ തെറ്റുതിരുത്തല്‍ സെപ്റ്റംബര്‍ പകുതിയോടെ മാത്രമെ ഉണ്ടാകൂ. മുന്‍ഗണനപട്ടികയില്‍ കടന്ന് കൂടിയ അനര്‍ഹരെ ഒഴിവാക്കി പകരം ബിപിഎല്ലില്‍ ഉള്‍പ്പെട്ടവരെ ചേര്‍ക്കാന്‍ സമയമെടുക്കുന്നതിനാലാണിത്. ജില്ലയില്‍ മുന്‍ഗണന പട്ടികയില്‍ കടന്ന് കൂടിയ അനര്‍ഹരെ ഒഴിവാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ജില്ലയില്‍ അനര്‍ഹരെ കണ്ടെത്താനുള്ള നടപടി തുടങ്ങിയതിന് ശേഷം 3,000 പേരോളം അനര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1184 പേര് സ്വയം ഒഴിവായതാണ്. ഇവരില്‍ കൂടുതലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.
ചങ്ങനാശേരിയിലാണ് ഏറ്റവും കൂടുതല്‍ അനര്‍ഹരെ കണ്ടെത്തിയത്. കുറവ് വൈക്കം താലൂക്കിലാണ്. അനര്‍ഹരെ കണ്ടെത്താനുള്ള പരിശോധനയും നടപടിയും തുടരുകയാണ്. ഈ പരിശോധന എന്ന് വരെയുണ്ടെന്ന ഉത്തരവ് ജില്ലാഭക്ഷ്യവകുപ്പിന് ലഭിച്ചിട്ടില്ല.
അനര്‍ഹരെ ഒഴിവാക്കുന്നതിന് അനുസരിച്ചാണ് പുറത്തായ ബിപിഎല്ലുകാരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിനായി അവര്‍ പുതിയ അപേക്ഷ നല്‍കണം. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതിനാലാണ് തെറ്റുതിരുത്തലിനുളള അപേക്ഷകള്‍ സെപ്റ്റംബറില്‍ സ്വീകരിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.
മുനഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഭക്ഷ്യവകുപ്പിനെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ ശമ്പളം തടയുമെന്ന പ്രചാരണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവായത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവുകള്‍ ലഭിച്ചില്ലെന്നാണ് ജില്ലാ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേ സമയം മുന്‍ഗണനപട്ടികയില്‍ ഇടം പിടിച്ച വന്‍കിട ഭൂഉടമകള്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടില്ല. ഇവരുടെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷം ഒഴിവാക്കുമെന്ന് ജില്ലാ ഭക്ഷ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ഇതിനായി റേഷനിംഗ് ഇന്‍സ്പക്ടര്‍മാര്‍ സംശയമുള്ളവരുടെ വീടുകളില്‍ നേരിട്ടെത്തുമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: