ന്യൂദൽഹി: കർണാടക മന്ത്രി ഡി.കെ.ശിവകുമാറിന്റെ വസതികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. റെയ്ഡിനെ വിമർശിച്ച കോൺഗ്രസ് അഴിമതിക്കൊപ്പം നിന്ന് സ്വയം അപമാനം ഏറ്റുവാങ്ങുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു പറഞ്ഞു.
‘അധികാരവും പണവും കൊണ്ട് കോൺഗ്രസ് അഴിമതിക്ക് കൂട്ട് നിൽക്കുകയാണ്. തീർത്തും അപഹാസ്യമായ രീതിയാണ് കോൺഗ്രസ് അവലംബിക്കുന്നത്, കോൺഗ്രസ് മന്ത്രി ശിവകുമാർ ഏറെക്കാലമായി ആദായാ നികുതി വകുപ്പിന്റെ കർശന നിരീക്ഷണത്തിലായിരുന്നു, ഇതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്,’- റാവു പറഞ്ഞു.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി യുദ്ധം ചെയ്യണമെന്ന് ആഹ്വാനം നടത്തുകയാണ്, എന്തിന് വേണ്ടിയാണ് യുദ്ധം ചെയ്യേണ്ടത്, ഇത്തരത്തിലുള്ള വൻഅഴിമതി നടത്താൻ വേണ്ടിയാണോ അദ്ദേഹത്തിന്റെ യുദ്ധ പ്രഖ്യാപനമെന്നും റാവു ചോദിക്കുന്നു.
മോദി സർക്കാർ അഴിമതിക്ക് എതിരെ പടപൊരുതാൻ ഇറങ്ങിത്തിരിച്ചവരാണ്. ബിജെപിയിൽ നിന്നോ കോൺഗ്രസിൽ നിന്നോ മറ്റ് ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്നുമാകട്ടെ അഴിമതി ആരു ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കേന്ദ്രസർക്കാർ കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദായ നികുതി വകുപ്പിന്റെ 120 ഉദ്യോഗസ്ഥരുടെ സംഘം ശിവകുമാറിന്റെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സംഘത്തോട് ഒപ്പമുണ്ടായിരുന്നു. 7 കോടി രൂപയാണ് മന്ത്രിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിന് സമീപമുള്ള ആഡംബര ഹോട്ടലിലും റെയ്ഡ് നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: