ബാഴ്സലോണ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ബാഴ്സലോണ വിടാൻ അനുമതി. ബാഴ്സ ട്വിറ്ററിലൂടെയാണ് നെയ്മറിന്റെ ക്ലബ് മാറ്റം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. 222 മില്യൺ യൂറോക്ക് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്കാണ് നെയ്‌മർ പോകുന്നത്.
പി.എസ്.ജിയിൽ ചേരുന്നത് കൊണ്ട് ബുധനാഴ്ച നടക്കുന്ന ബാഴ്സയുടെ പരിശീലനത്തിൽ നെയ്‌മർ പങ്കെടുക്കില്ല. പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കാൻ ടീം കോച്ച് നെയ്മർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ ചൈനയിലുള്ള നെയ്‌മർ അവിടെ നിന്ന് ദുബൈയിലേക്ക് പോകുമെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. 2014ലാണ് ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്ന് നെയ്‌മർ ബാഴ്സയിലെത്തുന്നത്. ക്ലബിനുവേണ്ടി 123 മൽസരങ്ങളിൽ നിന്ന് 68 ഗോൾ നേടിയിട്ടുണ്ട്.
നെയ്മർക്ക് പകരം മാർക്കോ വെറാറ്റി, ജൂലിയൻ ഡ്രാക്സ്ലർ, എയ്ഞ്ചൽ ഡി മരിയ, അഡ്രിയൻ റാബിയോട്ട് എന്നിവരിൽ ആരെയെങ്കിലും ടീമിലെത്തിക്കാനാണ് ബാഴ്സയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: