തിരുവനന്തപുരം: നിയമവിരുദ്ധമായി സ്ഥാപനങ്ങള്‍ കൈവശം വെച്ചിരിക്കുന്ന പാട്ടഭൂമി തിരിച്ചു പിടിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. ക്ലബ്ബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കു കൊടുത്ത പാട്ടഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ റവന്യു വകുപ്പ് സമാഹരിച്ചു തുടങ്ങി.
തിരുവനന്തപുരത്തെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം 19 കോടി രൂപയാണ് പാട്ടക്കുടിശ്ശിക വരുത്തിയിട്ടുള്ളത്. വന്‍വരുമാനമുള്ള സ്ഥാപനത്തിന് നിരവധി തവണ നോട്ടിസ്‌നല്‍കിയിരുന്നു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രശസ്തമായ ക്ലബ്ബുകളും പാട്ടക്കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഏക്കറുകണക്കിനു സര്‍ക്കാര്‍ ഭൂമിയാണ് ഇക്കൂട്ടര്‍ കൈവശം വച്ചരിക്കുന്നത്.
ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പാട്ടമായി നല്‍കിയിട്ടുള്ളത്. സ്‌കൂളുകള്‍, കോളജുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍, ക്ലബ്ബുകള്‍ എന്നിവയ്‌ക്കാണു നഗരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് എത്രയാണെന്നോ, പാട്ടക്കാലാവധി കഴിഞ്ഞോ, കുടിശ്ശികയുണ്ടോ എന്നതു സംബന്ധിച്ച് യാതൊരു വ്യക്തതയും സര്‍ക്കാരിനില്ല.
ചില സ്ഥാപനങ്ങള്‍ കരാറിനു പുറത്തുള്ള ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുന്നുണ്ട്. പാട്ടഭൂമി തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച പൊതുമാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയശേഷമാകും തുടര്‍നടപടിയെന്ന് റവന്യു വകുപ്പ് അറിയിച്ചു.
















