വൈപ്പിന്‍: മദ്യലഹരിയില്‍ കടന്നുപിടിച്ച് ചുംബിച്ച യുവാവിന്റെ നാവ് മധ്യവയസ്‌കയായ വീട്ടമ്മ കടിച്ചെടുത്തു. ഞാറക്കലാണ് സംഭവം. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഞാറക്കല്‍ മൂരിപ്പാടത്ത് രാഗേഷിനെ(30) അറസ്റ്റു ചെയ്തു.
എറണാകുളത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രി വിട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ബുധനാഴ്ച വീടിന് പുറത്തെ ശൗചാലയത്തിലേക്ക് വീട്ടമ്മ പോയ സമയം ഇയാള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് കടന്നു പിടിച്ചു. ഇരുളില്‍ വീട്ടമ്മ കടിച്ചത് പ്രതിയുടെ നാവായിരുന്നു. ഇതോടെ ഇയാള്‍ വീട്ടമ്മയെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ വീട്ടമ്മ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. മുറിഞ്ഞു പോയ നാവിന്റെ ഭാഗവും സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ആശുപത്രി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ഞായറാഴ്ച ഇയാളുടെ മുറിഞ്ഞ നാവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. അവിവാഹിതനാണ് പ്രതി. നാവിന്റെ കടിച്ചു മുറിച്ച ഭാഗം ഫോറന്‍സിക് പരിശോധനയ്‌ക്കയച്ചു. ഞാറക്കല്‍ സിഐ കെ. ഉല്ലാസിന്റെ നേതൃത്വത്തില്‍ എസ്. ഐ. ആര്‍. രഗീഷ്‌കുമാര്‍, ജോണ്‍സണ്‍, സുധി, സത്യന്‍, ശരത്ബാബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
















