തിരുവനന്തപുരം: ജൂലൈ 30ന് മാതൃഭൂമി പത്രത്തില്‍ ‘വ്യാജരേഖാ കുരുക്കിലും സെന്‍കുമാര്‍’ എന്ന പേരില്‍ വന്ന വാര്‍ത്ത തികച്ചും അസത്യവും മനഃപൂര്‍വം തേജോവധം ചെയ്യുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതുമാണെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.
2016 ജൂണ്‍ ഒന്നു മുതല്‍ തരംതാഴ്‌ത്തിയ പോസ്റ്റിലേക്ക് മാറ്റിയതുമൂലം, തുടര്‍ച്ചയായി ഉണ്ടായിരുന്ന വലതുകാലിനുള്ള തീവ്ര വേദന ചികിത്സിക്കുന്നതിനായി ആയുര്‍വേദ കോളേജിലെ ഡോ. വി.കെ. അജിത്കുമാറിനെ വീട്ടില്‍ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഒപി ആയി രജിസ്റ്റര്‍ ചെയ്തു. ചികിത്സകള്‍ സ്വകാര്യമായിട്ടാണ് ചെയ്തത്.
വളരെ അധികം ഹാഫ് പേ ലീവ് ബാക്കിയുണ്ടായിരുന്നതുകൊണ്ട് പിന്നീട് ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഈ ലീവ് കമ്യൂട്ട് ചെയ്യുന്നതിനുവേണ്ടി സമയാസമയങ്ങളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വച്ചിരുന്നു. ഡോക്ടര്‍ രണ്ടുമൂന്നുതവണ വീട്ടില്‍ കണ്ടിരുന്നു. 2017 ജനുവരിയില്‍ അടുത്തമാസം മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും വാങ്ങി. ഇതെല്ലാം ഡോ. വി.കെ. അജിത് കുമാര്‍ കൃത്യമായി ഒപ്പിട്ട് തന്നിട്ടുള്ളതാണ്.
അര്‍ഹതപ്പെട്ട എച്ച്പിഎല്‍ കമ്യൂട്ട് ചെയ്യുവാനായിട്ടാണ് ഈ ആയുര്‍വേദ ചികിത്സാ റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ചത്. ചികിത്സയുടെ ഒരു രൂപപോലും ആവശ്യപ്പെട്ടിട്ടില്ല. സര്‍വീസില്‍ തന്നെ ഏറ്റവും കുറവ് മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് വാങ്ങിയ ഉദേ്യാഗസ്ഥരില്‍ ഒരാളാണ് താന്‍. സര്‍ക്കാരിനെ കബളിപ്പിച്ച് വ്യാജരേഖ ഉണ്ടാക്കി കമ്യൂട്ടേഷന് ശ്രമിച്ചു എന്ന ആക്ഷേപം തികച്ചും അസത്യമാണ്. ഡോ. വി.കെ. അജിത് കുമാര്‍ ഒപ്പിട്ട സത്യസന്ധമായ രേഖകള്‍ മാത്രമേ സമര്‍പ്പിച്ചിട്ടുള്ളൂ. മറ്റേതൊരു ഓഫീസറുടെയും ഇത്തരത്തിലുള്ള കമ്യൂട്ടേഷന്‍ രേഖകളുമായി താരതമ്യം ചെയ്താല്‍തന്നെ ഈ വസ്തുതകള്‍ ബോധ്യപ്പെടുന്നതാണെന്നും സെന്‍കുമാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
















