പത്തനംതിട്ട: ഭക്ഷണം വിളമ്പുന്നവര്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തി ഹോട്ടല്‍ ഉടമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇവ ഹോട്ടലുടമയുടെ പക്കല്‍ ഉണ്ടായിരിക്കണം. ആറുമാസം കൂടുമ്പോള്‍ പരിശോധന നടത്തണം. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും വേണം വൃത്തി. കൈയുറയും മേല്‍ക്കുപ്പായവും ധരിക്കണം.
അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ ആറുമാസത്തിലൊരിക്കല്‍ പകര്‍ച്ചവ്യാധികളില്ലെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തലമുടി മൂടാന്‍ തൊപ്പി ഉപയോഗിക്കണം. കൂടാതെ പച്ചക്കറി അരിയുന്നവര് നിര്‍ബന്ധമായും ഗ്ലൗസ് ഉപയോഗിക്കണം. വസ്ത്രം ധരിക്കാതെ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല.
ഭക്ഷണവും ഭക്ഷ്യസാധനങ്ങളും റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും നിയമങ്ങളുണ്ട്. ഭക്ഷ്യസാധങ്ങള്‍ സൂക്ഷിച്ചു വയ്ക്കുമ്പോള്‍ എന്നുമുതലാണു സൂക്ഷിച്ചു വയ്ക്കുന്നതെന്നുള്ള സമയവും തീയതിയും രേഖപ്പെടുത്തിയിരിക്കണം.
ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും നഖം വെട്ടണം. അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന എണ്ണപ്പലഹാരങ്ങള്‍ ഒരിക്കലും കൈകൊണ്ട് എടുത്തു നല്‍കരുത്. അലമാരയില്‍ എപ്പോഴും ക്ലിപ്പുകള്‍ സൂക്ഷിക്കണം. ഈ ക്ലിപ്പുകള്‍ ഉപയോഗിച്ചുവേണം പലഹാരങ്ങള്‍ എടുത്തു നല്കാന്. ചായയില്‍ വിരലിടുവാനും പാടില്ല.
എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. 150 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിച്ച എണ്ണയിലാണ് പാചകം ചെയ്യേണ്ടത്. മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്ന പച്ചക്കറികള്‍ ഒരു മണിക്കൂറെങ്കിലും പുളി, മഞ്ഞള്‍, ഉപ്പ് എന്നിവ ഏതെങ്കിലും കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടുവയ്ക്കണം. വിഷാംശമുള്ള പച്ചക്കറികളില്‍ നിന്നും വിഷം നീക്കം ചെയ്ത് ഭക്ഷ്യയോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് വെള്ളത്തില്‍ ഇടേണ്ടത്. കിഴങ്ങുവര്‍ഗങ്ങള്‍, സവാള തുടങ്ങിയവ തൊലി കളഞ്ഞശേഷം വെള്ളത്തില്‍ കഴുകി മാത്രമേ ഉപയോഗിക്കാവൂ. പാചകം ചെയ്യാന്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിലും ശുചിത്വം പാലിക്കണം.
കേടുപാടുകള്‍ വന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. പാത്രങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ പാത്രങ്ങളുടെ മടക്കുകളില്‍ പലപ്പോള്‍ ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ തങ്ങാന്‍ സാധ്യതയുണ്ട്. ഇതു ഭക്ഷ്യവിഷവാധ സൃഷ്ടിക്കും. പാത്രങ്ങള്‍ക്കു മൂടിയുണ്ടായിരിക്കണം. ഒരു പാത്രവും തുറന്നു വയ്ക്കാന്‍ പാടില്ല.
ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും നിയമങ്ങള്‍ നിലവിലുണ്ട് എന്നാല്‍ ഇവ പാലിക്കുന്നില്ലന്നതാണ് വാസ്തവം. കുടിക്കാനുള്ള ചൂടുവെള്ളം ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ നല്‍കരുത്. സ്റ്റീല്‍ പാത്രങ്ങളിലാണ് കുടിവെള്ളം നല്‍കേണ്ടത്. വെള്ളം സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍നിന്നും ഒരേ പാത്രം ഉപയോഗിച്ചു മാത്രമേ വെള്ളം മറ്റു പാത്രങ്ങളിലേക്കു പകര്‍ത്താവൂ.
ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം ആറുമാസത്തിലൊരിക്കല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വേണം വെള്ളം പരിശോധിക്കാന്‍. എന്നാല്‍, പലപ്പോഴും മറ്റെവിടുന്നെങ്കിലും സാമ്പിള്‍ എടുത്താണ് പരിശോധയ്ക്ക് അയയ്ക്കുന്നത്.
എന്നാല്‍ ഈ നിയമങ്ങളൊന്നും മിക്ക ഹോട്ടലുകളിലും പാലിക്കപ്പെടുന്നില്ല. അടുക്കളയില്‍ എപ്പോഴും ശുദ്ധജലം വേണം. ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ വേണം പച്ചക്കറികള്‍ വൃത്തിയാക്കാന്‍. കുടിവെള്ളം തയാറാക്കുന്നതിലും കൃത്യമായ നിയമങ്ങള്‍ ഉണ്ട്. തിളപ്പിച്ചാറിയ വെള്ളം ആയിരിക്കണം ഹോട്ടലുകളില്‍ വരുന്നവര്‍ക്കു കൊടുക്കേണ്ടത്. അഞ്ചുമിനിറ്റു മുതല്‍ 20 മിനിറ്റുവരെ തിളപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: