ന്യൂദല്‍ഹി: വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തുടെയും ഇഷ്ടമാണെന്നും ആലപിക്കാതിരിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും കേന്ദ്ര മന്ത്രി മുക്താര്‍ അബാസ് നഖ്‌വി. മുംബയില്‍ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം ആലപിക്കുക എന്നത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്, പാടുന്നവര്‍ക്ക് പാടാമെന്നും അല്ലാത്തവരെ ദേശവിരുദ്ധരാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ചിലര്‍ വന്ദേമാതരത്തെ നിര്‍ബന്ധപൂര്‍വ്വം എതിര്‍ക്കുന്നുണ്ട്. ഇത് നല്ല കാര്യമല്ലെന്നും രാജ്യത്തിന്റെ താല്‍പര്യത്തിന് എതിരാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
അതേ സമയം ചിലര്‍ വന്ദേമാതരത്തെ മനഃപൂര്‍വ്വം എതിര്‍ക്കുന്നുണ്ട്. അത് മോശം കാര്യമാണ്. രാജ്യതാത്പര്യത്തിന് എതിരാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിലും കോളേജുകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി കൊണ്ട് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പിന്തുടര്‍ന്ന് മഹാരാഷ്‌ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കണമെന്നാണ് ബിജെപി എംഎല്‍എ രാജ് പുരോഹിത് നിയമസഭയില്‍ ആവശ്യപ്പെട്ടത്.
















