തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസിനു നേരെയുണ്ടായ അക്രമം തടയാൻ ശ്രമിച്ച പോലീസുകാരന് ഐ.ജി മനോജ് എബ്രഹാം 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രത്യുഞ്ജയനാണ് പാരിതോഷികം ലഭിക്കുക.
മനോജ് എബ്രഹാം പ്രത്യുഞ്ജയനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അക്രമം നോക്കിനിന്ന സുരക്ഷാചുമതലയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ ഇന്നലത്തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ബൈക്കിലെത്തിയ സംഘത്തെ തടയാതെ ഇവർ ഒഴിഞ്ഞുമാറുന്നത് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
അക്രമണത്തിന് നേതൃത്വം നൽകിയ കൗൺസിലർ ബിനു .ഐ.പി, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിൻ സാജ് കൃഷ്‌ണ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെ അഞ്ച് സി.സി ടിവി കാമറകളിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
















