ന്യൂദല്‍ഹി: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിച്ച സിപിഎം ലക്ഷ്യമിട്ടത് കുമ്മനം രാജശേഖരനെയെന്ന് കേന്ദ്ര നേതൃത്വം. സംസ്ഥാന അധ്യക്ഷനെ അപായപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അക്രമികളെത്തിയതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ പറഞ്ഞു. ദല്‍ഹിയിലെത്തുമ്പോള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. സിപിഎം അധികാരത്തിലെത്തിയതിന് ശേഷം കേരളത്തില്‍ അക്രമം വര്‍ദ്ധിച്ചു. വിഷയം പാര്‍ലമെന്റില്‍ ഇന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമത്തിലൂടെ കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ച തടയാന്‍ സിപിഎമ്മിനാകില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു പറഞ്ഞു. ഓഫീസ് ആക്രമണമുള്‍പ്പെടെയുള്ള സ്ഥിതിഗതികള്‍ രാജ്യസഭാംഗം പ്രൊഫ. റിച്ചാര്‍ഡ് ഹെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചു. വിഷയം ഗൗരവമുളളതാണെന്ന് വ്യക്തമാക്കിയ രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയുമായും സംസ്ഥാന പോലീസ് മേധാവിയുമായും സംസാരിക്കുമെന്ന് ഉറപ്പ് നല്‍കി.
സംസ്ഥാന കമ്മറ്റി ഓഫീസ് തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്. സംസ്ഥാന അധ്യക്ഷന്‍ ഓഫീസിലുള്ളപ്പോള്‍ നടന്ന ആക്രമണം യാദൃശ്ചികമല്ലെന്നും നേതൃത്വം വിലയിരുത്തുന്നു. കണ്‍മുന്നില്‍ നടക്കുന്ന അക്രമം തടയാന്‍ പോലീസ് ശ്രമിക്കാതിരുന്നതും മുന്‍പത്തെ അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതും സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയായാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്.
















