കോഴിക്കോട്: തീവ്രവാദത്തിനായി മുസ്ലിം ചെറുപ്പക്കാരെ വിലയ്‌ക്കെടുക്കുകയാണെന്ന് മന്ത്രി കെ.ടി. ജലീല്‍. മുസ്ലിം ജനവിഭാഗത്തിനിടയില്‍ തീവ്രവാദം ശക്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. മുസ്ലിം ചെറുപ്പക്കാരെ വിലയ്‌ക്കെടുക്കുന്നു. അവരെ തീവ്രവാദികളാക്കാന്‍ നീക്കം നടക്കുകയാണ്. ഇതാണ് രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി.
പരസ്പരം സംശയിക്കാന്‍ തുടങ്ങിയാല്‍ വലിയ ആഭ്യന്തര സംഘര്‍ഷമാകും. പോലീസുകാര്‍ നിയമസംരക്ഷകര്‍ മാത്രമല്ല മതനിരപേക്ഷതയുടെ കൂടി സംരക്ഷകരാകണം.
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രയയപ്പ് സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാര്‍ സര്‍വീസ് കഴിഞ്ഞ് പുറത്തു പോയാലും പോലീസുകാരെപ്പോലെ തന്നെ തുടരണം. അവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകരുത്. സര്‍വീസില്‍ നിന്ന് പുറത്ത് പോയ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കുന്ന രീതിയിലാണ്. മുതിര്‍ന്ന പോലീസ് ഓഫീസര്‍ ആയതിനാല്‍ പറയുന്ന കാര്യത്തിന് ഗൗരവം കൂടുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പൃഥ്വിരാജ് അദ്ധ്യക്ഷത വഹിച്ചു. എഡിജിപി ടോമിന്‍ ജെ. തച്ചങ്കരി, സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍, സി.ആര്‍. ബിജു, കെ.എസ്. ഔസേപ്പ്, കെ.വി. വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
















