കാസര്‍കോട്: മാതാപിതാക്കളുടെ കണ്ണീരിനു മുന്നിലും മനസ്സലിയാതെ ആതിര അവരെ തള്ളിപ്പറഞ്ഞു. 23 വയസുവരെ ഓമനിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണീരിനെ അവഗണിച്ച് ഉദുമ, കണിയാംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര സ്വന്തം ഇഷ്ടത്തിനു വിടണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് ബേക്കല്‍ പോലീസ് ആതിരയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്)മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. മാതാപിതാക്കളോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നും ആതിര അറിയിച്ചു. ഇതേ തുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ആതിരയ്‌ക്ക് സംരക്ഷകര്‍ ആരുമില്ലാത്തതിനാല്‍ പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്.
ആതിരയെ കണ്ട് മാതാപിതാക്കള്‍ നിലവിളിച്ചത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ ശ്രമം നടത്തിയെങ്കിലും ആതിരയ്‌ക്ക് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ പിന്നീട് പോകാന്‍ താത്പര്യമുണ്ടെന്ന് ആതിര പറയുന്നു. 16 ദിവസത്തോളം ആതിരയെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. രണ്ടു ദിവസം മുമ്പ് ഫോണ്‍ ഓണ്‍ ചെയ്യുകയും എറണാകുളമാണ് ലൊക്കേഷനെന്നു വ്യക്തമാവുകയും ചെയ്തു. അവിടം കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ ആതിര, ആയിഷയായി പേരും വേഷവും മാറി കണ്ണൂര്‍ ബസ്സ്റ്റാന്റില്‍ ബേക്കല്‍ പോലീസിനു മുമ്പാകെ പ്രത്യക്ഷപ്പെട്ടത്. ഉടന്‍ കസ്റ്റഡിയിലെടുത്ത് ബേക്കലിലെത്തി വിശദമായ മൊഴിയെടുത്തു.
സ്വന്തം ഇഷ്ടത്തിനാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും വര്‍ഷങ്ങളായി ഇസ്ലാമിനെ കുറിച്ച് പഠിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ഇസ്ലാമില്‍ ചേര്‍ന്നു ആയിഷയെന്നു പേരു സ്വീകരിച്ചുവെന്നും പോലീസിനു മൊഴി നല്‍കി. ഇരിട്ടി സ്വദേശിനിയായ കൂട്ടുകാരിയുടെ വീട്ടിലാണ് ഇത്രയും നാള്‍ താന്‍ താമസിച്ചതെന്നും യുവതി വ്യക്തമാക്കി. ആതിരയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ മജിസ്‌ട്രേറ്റിന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഒരു കൊലപാതക കേസില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് നൂറിലധികം കോളുകള്‍ ആതിരയ്‌ക്ക് വന്നതായി പോലീസ് പറയുന്നു.
















