തിരുവനന്തപുരം: സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നത് വ്യവസായത്തിനു വേണ്ടി മാത്രമാകാതെ മനുഷ്യരാശിക്കാകെ പ്രയോജനപ്പെടുന്ന തരത്തിലാകണമെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം. ഡോ. എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്‌ക്കു കീഴിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ ഒന്നാംവര്‍ഷ ബി.ടെക് പ്രവേശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണ്ണര്‍.
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വരെ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കണം. സമൂഹത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന ആശയങ്ങളുള്ള സംരംഭകരെയാണ് സാങ്കേതിക വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ആശയങ്ങള്‍ ആദ്യം പരാജയപ്പെട്ടാലും വിദ്യാര്‍ഥികള്‍ നിരാശപ്പെടരുത്. സാങ്കേതിക സര്‍വ്വകലാശാല അതിന്റെ പേര് സ്വീകരിച്ചത് ഡോ. എ.പി.ജെ അബ്ദുള്‍ കലാമില്‍നിന്നാണ്. അദ്ദേഹം പരാജയത്തെ വിശേഷിപ്പിച്ചത് പഠനത്തിന്റെ ആദ്യ ശ്രമം എന്നാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംസ്ഥാന ഐടി വകുപ്പും കെടിയുമായി സഹകരിച്ചാണ് ‘സാങ്കേതപ്രവേശം2017’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ്, എഐസിടിഇ ചെയര്‍മാന്‍ ഡോ. അനില്‍ സഹസ്രബുദ്ധെ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍, കെടിയു വൈസ് ചാന്‍സിലര്‍ ഡോ.കുഞ്ചെറിയ പി. ഐസക്, ഐടി സെക്രട്ടറി എം.ശിവശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















