മയക്കുവെടിയേറ്റ ശേഷവും ഹല്ലേലൂയ എസ്റ്റേറ്റില്‍ നിന്ന് പാണനാല്‍ എസ്റ്റേറ്റിലേക്ക് ഓടുന്ന അരിക്കൊമ്പന്
കട്ടപ്പന: ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ നാശം വിതക്കുന്ന ‘അരിക്കൊമ്പന്’ എന്ന ഒറ്റയാനെ കുങ്കിയാനകളുടെ സഹായത്തോടെ വളഞ്ഞ് രണ്ട് തവണ മയക്കുവെടി വച്ചെങ്കിലും പിടികൂടുവാനായില്ല. വനം വകുപ്പ് വാച്ചര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ചൊവ്വാഴ്ച്ച നടത്തിയ തെരച്ചിലില്‍ ചിന്നക്കനാല്‍ കോഴിപ്പനക്കുടി 80 ഏക്കര്കുടി ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു.
രാത്രി മയക്കുവെടി വയ്ക്കുക അസാദ്ധ്യമായതിനാല്‍ ഇന്നലെ വെടിവയ്ക്കാനാണ് തീരുമാനിച്ചത്. വനപാലകരും വാച്ചര്‍മാരും ഉള്‍പ്പെടുന്ന സംഘത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രി വൈകി ഒറ്റയാന് ഇവരുടെ കണ്ണുവെട്ടിച്ച് എതിര്‍ഭാഗത്തേക്ക് സഞ്ചരിച്ച് ഹൈവേ മുറിച്ച് കടന്ന് ആനയിറങ്കല്‍ ശങ്കരപാണ്ടിമെട്ട് ഭാഗത്തേയ്ക്ക് നീങ്ങി. ഇന്നലെ രാവിലെ 6 മണിയോടെ സര്‍വ്വ സന്നാഹങ്ങളോടുംകൂടി കുങ്കിയാനകളുമായി ഇവിടെ എത്തിയ വനപാലക സംഘം ഒറ്റയാനെ തിരഞ്ഞ് കണ്ടെത്തി പഴയ സ്ഥലത്തേക്ക് മടക്കി കൊണ്ടുപോകുന്നതിനു ശ്രമം ആരംഭിച്ചു.
മൂന്നു തവണ ഓടിച്ച് ഹൈവേ കടത്തിയെങ്കിലും ഓരോ തവണയും ശങ്കരപാണ്ടിമെട്ടില്‍ തിരികെ എത്തി. പിടികൊടുക്കാതെ ഓടിനടന്ന് പ്രദേശം മുഴുവന്‍ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്ന് ഏറെക്കുറെ അനുകൂല സാഹചര്യമുള്ള മൂലത്തറ ഹല്ലേലൂയ എസ്റ്റേറ്റില്‍ എത്തിയപ്പോള്‍ വൈകിട്ട് 4 മണിയോടെ ആദ്യ റൗണ്ട് മയക്കുവെടി വച്ചു. വെടിയേറ്റ കാട്ടാന കുറച്ചു സമയം തളര്‍ന്ന് നിന്നുവെങ്കിലും വീണ്ടും അലറിക്കൊണ്ട് ഓടുവാന്‍ തുടങ്ങി. ഒരു മണിക്കൂറിനുശേഷം രണ്ടാംവട്ടവും നിറയൊഴിച്ചുവെങ്കിലും കാര്യമായ മയക്കം ബാധിക്കാതെ ഏറെനേരം വലിയൊരു മരത്തില്‍ ചാരി നില്ക്കുകയാണുണ്ടായത്.
അമിതമായ അളവ് മരുന്ന് ശരീരത്തില്‍ എത്തിയാല്‍ ആനയ്ക്ക് അപായം സംഭവിക്കുമെന്നതിനാല്‍ സന്ധ്യയോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിച്ച് സംഘം മടങ്ങുകയാണു ചെയ്തത്. കുങ്കിയാനകളെ താല്‍ക്കാലിക താവളമായ ബോട്ട് ലാന്റിംഗിലേയ്ക്ക് മടക്കി കൊണ്ടുപോകുകയും ചെയ്തു. നൂറ്റി മുപ്പതോളം പേര് അടങ്ങുന്ന വിപുലമായ സംഘമാണു ആനയെ പിടികൂടുവാന്‍ ഇന്നലെ രാവിലെ മുതല്‍ വൈകുവോളം കഠിന ശ്രമം നടത്തിയത്.
ആവശ്യം വന്നാല്‍ ആനയെ കയറ്റുന്നതിനായി രണ്ട് ലോറികള്‍, ക്രെയിന്‍, താല്‍ക്കാലിക പാത നിര്‍മ്മിക്കുന്നതിനുള്ള മണ്ണുമാന്തി യന്ത്രം, ഉപകരണങ്ങള്‍ എന്നിവ തയ്യാറാക്കി സ്ഥലത്ത് നിര്‍ത്തിയിരുന്നു. ആനയെ പിടികൂടി ‘റേഡിയോ കോളര്‍’ ശരീരത്തില്‍ പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം ഇന്നു രാവിലെ വീണ്ടും പുനരാരംഭിക്കും.
















