കൊച്ചി: പോലീസ് ആസ്ഥാനത്ത് ടോമിന് ജെ തച്ചങ്കരിയെ നിയമിച്ചശേഷം അതീവ രഹസ്യ സ്വഭാവമുള്ള ടി സെക്ഷനുകളില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഓഡിറ്റിംഗില്‍ കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മുമ്പു ഹര്‍ജി പരിഗണിക്കവെ ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന സെന്‍കുമാറിന്റെ ആരോപണത്തെത്തുടര്‍ന്ന് ഓഡിറ്റിംഗിന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇപ്പോള്‍ ഓഡിറ്റിംഗ് പൂര്‍ത്തിയായതോടെ ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോദ്ധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ രാജ ശശി വീണ്ടും സത്യവാങ്മൂലം നല്‍കിയത്.
2017 മേയ് ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ ഫയലുകളാണ് ഓഡിറ്റിംഗിന് വിധേയമാക്കിയത്. പോലീസ് ആസ്ഥാനത്തെ എഐജിയുടെയും ഹെഡ്ക്വാര്‍ട്ടേഴ്സ് മാനേജരുടെയും നേതൃത്വത്തിലാണ് ഓഡിറ്റിംഗ് നടത്തിയത്. അതീവ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ ഉള്‍പ്പെട്ട ടി സെക്ഷനിലെ ഒമ്പത് സീറ്റുകളിലെ ഫയലുകളാണ് പരിശോധിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതോടൊപ്പം ഓഡിറ്റ് റിപ്പോര്‍ട്ടും ബന്ധപ്പെട്ട രേഖകളും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ടിപി സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേല്‍ക്കും മുമ്പ് പോലീസ് ആസ്ഥാനത്ത് തച്ചങ്കരിയടക്കമുള്ളവരെ നിയമിച്ചതു ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും
















