കൊച്ചി: നിരോധിച്ച 2.30 കോടിയുടെ നോട്ടുകള്‍ ശേഖരിച്ചത് വിദേശ മലയാളികളില്‍ നിന്നാണെന്ന് പോലീസ്. നോട്ടുകള്‍ കൈമാറിയവരെക്കുറിച്ചും പിടിയിലായവരുടെ ബന്ധങ്ങളെക്കുറിച്ചും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കും.
ശനിയാഴ്ചയാണ് ഷാഡോ പൊലീസ് എസ്‌ഐ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ നെട്ടൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നായി 2.30 കോടി രൂപയുടെ നിരോധിച്ച 500,1000 രൂപ നോട്ടുകള്‍ കണ്ടെടുത്തത്. രണ്ട് വര്‍ഷമായി നാട്ടിലെത്താത്ത എന്‍ആര്‍ഐക്കാര്‍ക്ക് നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന ഇളവിന്റെ മറവിലായിരുന്നു മൂവാറ്റുപുഴ മണലില്‍ പറമ്പില്‍ അബ്ദുള്‍ ജലീലിന്റെ പണമിടപാടുകള്‍.
25 ശതമാനം കമ്മീഷന്‍ വ്യവസ്ഥയിലായിരുന്നു നിരോധിച്ച പഴയ നോട്ടുകള്‍ മാറി നല്‍കിയിരുന്നത്. ആറ് മാസത്തിനിടെ 15 കോടി ഇത്തരത്തില്‍ മാറിയെടുത്തു. ഒരു കോടിക്ക് 20 ലക്ഷംവരെ കമ്മീഷന്‍ വാങ്ങി. സംസ്ഥാനത്തെ പല ഭാഗങ്ങളില്‍ നിന്നുള്ള ഏജന്റുമാരാണ് നിരോധിച്ച നോട്ടുകള്‍ എത്തിച്ചിരുന്നത്. പ്രതികളെ കൂടുതല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ജലീലിനെ കൂടാതെ തൃപ്പൂണിത്തുറ വേദപുരി ഗാര്‍ഡന്‍സ് ഫ്‌ളാറ്റ് നമ്പര്‍ എ വണ്ണില്‍ രാം ടി പ്രഭാകര്‍ (41), കോഴിക്കോട് മലാപ്പറമ്പ് പഞ്ഞിക്കല്‍ വീട്ടില്‍ ജോണ്‍ (51), തൃശൂര്‍ മുണ്ടൂര്‍ പുത്തേക്കര വീട്ടില്‍ സത്യന്‍ (54), തൃശൂര്‍ ഇരിങ്ങാലക്കുട ആലങ്ങാട് വീട്ടില്‍ ജയന്‍ (40) എന്നിവരാണ് പിടിയിലായത്.
















